ശബരിമല കാടുകളിൽ കടുവകളുടെ കണക്കെടുപ്പ് തുടങ്ങി

Wednesday 03 December 2025 12:26 AM IST

ശബരിമല : പെരിയാർ ടൈഗർ റിസേർവിലെ കടുവകളുടെ കണക്കെടുപ്പ് ശബരിമല കാടുകളിൽ തുടങ്ങി. വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയും നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയും ചേർന്നാണ് കണക്കെടുപ്പ് നടത്തുന്നത്. ശബരിമല സന്നിധാനം മേഖലയിൽ നാല് സംഘങ്ങളായി തിരിഞ്ഞാണ് കണക്കെടുപ്പ്. പമ്പ റേഞ്ചിൽ സന്നിധാനം, പച്ചക്കാനം, മുക്കുഴി സ്റ്റേഷനുകളും അഴുത റേഞ്ചിൽ ഉപ്പുപാറ, ചുഴി, ഉണ്ടമേ‌ട്, സത്രം, മൂഴിക്കൽ സ്റ്റേഷനുകളുമാണുള്ളത്. വനത്തിനുള്ളിലെ തടാകങ്ങളും

നീരുറവകളുമുള്ള ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് ആദ്യഘട്ടം തുടങ്ങിയത്. രണ്ടാംഘട്ടത്തിൽ ക്യാമറകൾ സ്ഥാപിക്കും. രാത്രിയിലും പകരും ഒരുപോലെ പ്രവർത്തിക്കുന്ന നൈറ്റ് വിഷൻ ക്യാമറകണളാണിവ. ചിത്രങ്ങളിൽ നിന്ന് ഉടലിലെ വരകളുടെ ഘടന, നീളം, വീതി, പ്രത്യേകമായ ആകൃതികൾ ഇവയെല്ലാം വിലയിരുത്തിയാണ് കടുവകളെ തിരിച്ചറിയുന്നത്. കടുവയ്ക്ക് പുറമെ ആന, കാട്ടുപോത്ത്, കരടി, പുലി തുടങ്ങിയ വന്യമൃഗങ്ങളുടെ വിവരങ്ങളും സസ്യജാലങ്ങളുടെ ഘടനയും ഇതോടൊപ്പം ശേഖരിക്കും. കടുവ ഇരകളാക്കുന്ന മൃഗങ്ങളു‌ടെ സാന്നിദ്ധ്യവും എണ്ണവും വനത്തിലെ ആവാസ വ്യവസ്ഥയും വിലയിരുത്തും. നാല് വർഷത്തിൽ ഒരിക്കലാണ് കട‌ുവകളു‌ടെ സെൻസസ് നടത്തുന്നത്.

കണക്കെടുക്കാൻ 177 പേർ

പെരിയാർ സങ്കേതത്തിലാണ് ശബരിമല സന്നിധാനം, പമ്പാ ഗണപതികോവിൽ, പമ്പ - സന്നിധാനം പാത, സ്വാമി അയ്യപ്പൻ റോഡ്, കരിമല, പുല്ലുമേട് പാതകൾ എന്നിവ ഉൾപ്പെടുന്നത്. പത്തനംതിട്ട, ഇടുക്കി ജില്ലകൾ ഉൾപ്പെടുന്ന സങ്കേതത്തിലെ പെരിയാർ ഈസ്റ്റ്, പെരിയാർ വെസ്റ്റ് എന്നീ രണ്ട് ഡിവിഷനും ചേർത്ത് 59 ബ്ളോക്കായി തിരിച്ച് 177 പേരയാണ് സെൻസെസിനായി നിയോഗിക്കുന്നത്.

കഴിഞ്ഞ തവണത്തെ കണക്കെടുപ്പിൽ 34 കടുവകളാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ടെണ്ണത്തിനെ പിന്നീട് ചത്ത നിലയിൽ

കണ്ടെത്തി. ഇത്തവണ കടുവകളുടെ എണ്ണം 35 കടക്കുമെന്നാണ് പ്രതീക്ഷ. പത്തനംതിട്ട, ഇടുക്കി ജില്ലകളിലായി 925 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്നതാണ് ശബരിമല ഉൾപ്പടുന്ന പെരിയാർ കടുവാസങ്കേതം.