ദേവസ്വം ബോർഡിന് നഷ്ടം കോടികൾ, ശബരിമലയിൽ സോളാർ തെളിഞ്ഞില്ല

Wednesday 03 December 2025 12:32 AM IST

ശബരിമല : തിരുവിതാംകൂർ ദേവസ്വം ബോർഡിന് കോടികൾ ലാഭിക്കാൻ കഴിയുന്ന സോളാർ വൈദ്യുതി ഉല്പാദന പദ്ധതി ശബരിമലയിൽ നടപ്പായില്ല. ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ പത്ത് കോടി രൂപ ചെലവിൽ കഴിഞ്ഞ തീർത്ഥാടന കാലത്ത് ആവിഷ്കരിച്ച പദ്ധതിയാണ് അധികൃതരുടെ അനാസ്ഥയെ തുടർന്ന് കെട്ടുപോയത്. പദ്ധതി യാഥാർത്ഥ്യമായായാൽ ബോർഡിന് ഓരോ വർഷവും കോടികൾ ലാഭിക്കാൻ കഴിയുമായിരുന്നു. മണ്ഡല - മകര വിളക്ക് തീർത്ഥാടന കാലത്ത് മാത്രം വൈദ്യുതി ചാർജ്ജ് ഇനത്തിൽ മൂന്നരക്കോടി രൂപയാണ് ദേവസ്വം ബോർഡ് കെ.എസ്.ഇ.ബിക്ക് അടയ്ക്കുന്നത്. ഇതിന് പുറമെ എല്ലാ മാസപൂജയ്ക്കും വിഷു ഉത്സവം, പ്രതിഷ്ഠാദിനം, ചിത്തിര ആട്ടവിശേഷം തുടങ്ങിയവയ്ക്കും നട തുറക്കാറുണ്ട്. ഈ ദിവസങ്ങളിലും തീർത്ഥാടന കാലത്തിന് സമാനമായി വൈദ്യുതി വിളക്കുകൾ കത്തിക്കാറുണ്ട്. ഒരു വർഷം ഇത്തരത്തിൽ കോടികളാണ് ബോർഡിന് ചെലവാകുന്നത്. സോളാർ വൈദ്യുതിയിലൂടെ ഈ ചെലവ് ലാഭിക്കാൻ കഴിയുന്നതിനൊപ്പം അധികം വരുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് വിറ്റ് വരുമാനം നേടാനും കഴിയുമായിരുന്നു. ഇതിനായി ദേവസ്വം, വൈദ്യുതി വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ഉപസമിതിയും രൂപീകരിച്ചിരുന്നു. ബാങ്ക് സ്പോൺസർ ഷിപ്പ് ഏറ്റെടുത്തതിലൂടെ ബോർഡിന് ഒരു രൂപയുടെ ചെലവ് പോലും ഇല്ലായിരുന്നു.

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സോളാർ വെളിച്ചമേകുന്ന സിയാൻ അധികൃതരാണ് ഇതിനുള്ള സാങ്കേതിക സഹായം വാഗ്ദാനം ചെയ്തിരുന്നത്. ഇവർ ഒന്നിൽ കൂടുതൽ തവണ ശബരിമലയിൽ എത്തി ശാസ്ത്രീയ പഠനം നടത്തുകയും ചെയ്തിരുന്നു. ആദ്യം സിയാൻ സി.ഇ.ഒ ആണ് സന്ദർശനം നടത്തിയത്. തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിദഗ്ദ്ധ സംഘങ്ങളും എത്തി. ശബരിമലയിൽ പദ്ധതി വിജയകരമായി നടപ്പാക്കാൻ കഴിയുമെന്ന് ഇവർ കഴിഞ്ഞ ബോർഡിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ തുടർന്ന നടപടികൾ മുടങ്ങുകയായിരുന്നു.

ലക്ഷ്യമിട്ടത് രണ്ട് മെഗാവാട്ട് വൈദ്യുതി

സന്നിധാനം വലിയ നടപ്പന്തൽ, അന്നദാന മണ്ഡപം, പിൽഗ്രിം സെന്റർ ഒന്ന്, രണ്ട്, മൂന്ന് എന്നിവയ്ക്ക് മുകളിൽ സോളാർ പാനലുകൾ സ്ഥാപിച്ച് പ്രതിദിനം രണ്ട് മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാൻ കഴിയുന്ന പദ്ധതിയാണ് ലക്ഷ്യമിട്ടിരുന്നത്. പമ്പ, നിലയ്ക്കക്കൽ എന്നിവിടങ്ങളിലും പദ്ധതി നടപ്പിലാക്കാൻ തീരുമാനമുണ്ടായിരുന്നു.

ശബരിമലയിൽ പദ്ധതി വിജയകരമായാൽ സ്പോൺസർഷിപ്പിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള 27 ക്ഷേത്രങ്ങളിലും സോളാർ വൈദ്യുതി നടപ്പാക്കാൻ തീരുമാനമുണ്ടായിരുന്നു. അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിൻ കീഴിലുള്ള പ്രധാന ക്ഷേത്രങ്ങൾ ഇതിനായി തിരഞ്ഞെടുക്കുകയും ചെയ്തു.