ശബരിമല സ്വർണക്കൊള്ള: അന്വേഷണ സംഘത്തിനുമേൽ സമ്മർദ്ദം : വി.ഡി.സതീശൻ
പത്തനംതിട്ട : ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരഞ്ഞെടുപ്പ് കാലത്ത് സുപ്രധാന അറസ്റ്റുകൾ ഒഴിവാക്കാൻ എസ്.ഐ.ടിക്കുമേൽ സമ്മർദ്ദമുണ്ടെന്നും അല്ലെങ്കിൽ ഇപ്പോൾ ഒരു വലിയ അറസ്റ്റ് ഉണ്ടാകുമായിരുന്നെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബ് സംഘടിപ്പിച്ച തദ്ദേശം 2025 സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ തിരഞ്ഞെടുപ്പിൽ ശബരിമല സ്വർണക്കൊള്ള വളരെ ഗൗരവത്തോടെ ചർച്ചയാകും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ രണ്ട് പ്രസിഡന്റുമാരാണ് ജയിലിൽ കഴിയുന്നത്. പക്ഷേ സി.പി.എം അവർക്കെതിരെ നടപടി സ്വീകരിക്കില്ല. നടപടിയെടുത്താൽ കൂടുതൽ നേതാക്കളുടെ പേരുകൾ പറയുമോ എന്ന ഭയമാണ് സി.പിഎമ്മിനുള്ളത്. അയ്യപ്പന്റെ ദ്വാരപാലക ശിൽപ്പങ്ങളിലെ പാളികൾ ഒരു കോടീശ്വരന് വിറ്റെന്ന ആരൊപണം പ്രതിപക്ഷ നേതാവ് ആവർത്തിച്ചു. അതിശക്തമായ സർക്കാർ വിരുദ്ധ വികാരം ജനങ്ങൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. ശബരിമല വിഷയം തിരഞ്ഞെടുപ്പ് അജണ്ടയിൽ നിന്ന് മാറ്റാനുള്ള സി.പി.എമ്മിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് രാഹുൽ വിഷയം വീണ്ടും ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്നത്. രാഹുൽ വിഷയത്തിൽ അതിശക്തമായ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. ഒരു കുറ്റത്തിന് രണ്ട് പ്രാവശ്യം ഒരാളെ ശിക്ഷിക്കാനാവില്ല. നിയമനടപടി എടുക്കേണ്ടത് പൊലീസാണ്. ബലാത്സംഗ കേസിൽ പ്രതിയായ ആളിനെതിരെ പൊലും സി.പി.എം നടപടി സ്വീകരിച്ചിട്ടില്ല. കുറ്റവാളികളെ സംരക്ഷിക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.