ശബരിമല സ്വർണക്കൊള്ളക്കേസിൽ സമഗ്ര അന്വേഷണം വേണം : തുഷാർ

Wednesday 03 December 2025 12:41 AM IST

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷനും എൻ.ഡി.എ കൺവീനറുമായ തുഷാർവെള്ളാപ്പള്ളി പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബ് സംഘടിപ്പിച്ച തദ്ദേശം 2025 സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദ്വാരപാലക ശില്പപാളികളും കട്ടിളപ്പാളികളും മാത്രമല്ല ദേവന്റെ തിരുവാഭരണങ്ങളും പരിശോധനയ്ക്ക് വിധേയമാക്കണം.

തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ യോഗ്യരായ ശാന്തിമാർ ഉള്ളപ്പോൾ എന്തിനാണ് പുറത്തുനിന്നുള്ള ശാന്തിക്കാരെ ശബരിമല മേൽശാന്തി പട്ടികയിൽ ഉൾപ്പെടുത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു. യോഗ്യരായ ശാന്തിക്കാരെ നിയമിക്കാൻ ബോർഡ് നടപടി സ്വീകരിക്കണം.

കേരളത്തിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന വന്യജീവിശല്യം ഇല്ലാതാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ ഇടപെടലുകൾ നടത്തും. അയൽ സംസ്ഥാനങ്ങളിൽ വനമുണ്ടെങ്കിലും വന്യജീവി ശല്യം രൂക്ഷമല്ല. ഇതിനുകാരണം കേന്ദ്രം വനം-വന്യജീവി സംരക്ഷണത്തിനായി നൽകുന്ന ഫണ്ട് കൃത്യമായി വിനിയോഗിക്കുന്നതുകൊണ്ടാണെന്നും തുഷാർ പറഞ്ഞു.

അയൽസംസ്ഥാനങ്ങളിൽ അടിസ്ഥാന വികസന പ്രവർത്തനങ്ങളിൽ കുതിച്ചു ചാട്ടം ഉണ്ടാകുമ്പോൾ

ഇടതുവലതു മുന്നണികൾ മാറി മാറി ഭരിച്ച കേരളം സമ്പത്തികമായി തകർന്നു. വ്യക്തമായ വികസന രേഖകൾ അവതരിപ്പിച്ചാണ് എൻ.ഡി.എ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

. പ്രസ് ക്ലബ് പ്രസിഡന്റ് ബിജു കുര്യൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി.വിശാഖൻ, ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പത്മകുമാർ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.