സെയ്ദ് മുഷ്താഖ് ട്രോഫി ട്വന്റി-20  രോഹനും വിഷ്ണുവും കസറിയിട്ടും വിദർഭയ്ക്ക് മുന്നിൽ വീണ് കേരളം

Wednesday 03 December 2025 12:50 AM IST

ലക്നൗ : സെയ്ദ് മുഷ്താഖ് ട്രോഫി ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ വിദർഭയോട് ആറുവിക്കറ്റിന് തോറ്റ് കേരളം.ആദ്യം ബാറ്റ് ചെയ്ത കേരളം 19.2 ഓവറിൽ 164 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിദർഭ ഒൻപത് പന്തുകൾ ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി. അഞ്ച് വിക്കറ്റ് നേട്ടവുമായി കേരള ബാറ്റിങ് നിരയെ തക‍ർത്ത വിദർഭയുടെ യഷ് ഥാക്കൂറാണ് പ്ലെയ‍ർ ഓഫ് ദി മാച്ച്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് തുടക്കത്തിൽ തന്നെ ക്യാപ്ടൻ സഞ്ജു സാംസനെയും (1) അഹ്മദ് ഇമ്രാനെയും (3) നഷ്ടമായി. മൂന്നാം വിക്കറ്റിൽ രോഹൻ കുന്നുമ്മലും വിഷ്ണു വിനോദും ചേർന്നുള്ള 77 റൺസ് കൂട്ടുകെട്ടാണ് കേരളത്തെ കരകയറ്റിയത്. രോഹൻ 35 പന്തുകളിൽ നിന്ന് 58ഉം വിഷ്ണു വിനോദ് 38 പന്തുകളിൽ നിന്ന് 65ഉം റൺസ് നേടി.എന്നാൽ തുട‍ർന്നെത്തിയവ‍ർ അവസരത്തിനൊത്ത് ഉയരാതെ പോയതോടെ കേരളത്തിന്റെ ഇന്നിംഗ്സ് 162ലൊതുങ്ങി. അഥർവ്വ തയ്‌ദേ(54), ശിവം ദേശ്മുഖ് (29*), ധ്രുവ് ഷോറേയ് (22), വരുൺ ബിഷ്ഠ് (22) എന്നിവരുടെ ബാറ്റിംഗാണ് വിദർഭയ്ക്ക് ജയം നൽകിയത്.

നാലുമത്സരങ്ങളിൽ കേരളത്തിന്റെ രണ്ടാം തോൽവിയാണിത്. കേരളം നാളെ മുംബയ്‌യെ നേരിടും.

85

കേരളത്തിന് വേണ്ടി ട്വന്റി-20 ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരമെന്ന റെക്കാഡ് ഇനി വിഷ്ണുവിനോദിന് സ്വന്തം . 84 സിക്സുകൾ നേടിയ സഞ്ജു സാംസണിനെയാണ് വിഷ്ണു ഇന്നലെ മറിക‌ടന്നത്.