എന്നും വോട്ടർമാർക്കൊപ്പം ശ്രീദേവി

Wednesday 03 December 2025 1:06 AM IST

കോലഞ്ചേരി: പത്ര വിതരണത്തിനൊപ്പം വോട്ടുപിടിത്തം കൂടി നടത്തുകയാണ് മഴുവന്നൂർ പഞ്ചായത്ത് കിളികുളം വാർഡിലെ എൻ.ഡി.എ സ്ഥാനാർത്ഥി ശ്രീദേവി ജയരാജ്. 15 വർഷമായി ശ്രീദേവി ഈ വാർഡിലെ വീടുകളിൽ പത്രവിതരണം നടത്തുന്നു. രാവിലെ ജോലിക്കായി പോകുന്നവരാണ് കൂടുതൽ വോട്ടർമാരും. ഇവരെ രാവിലെ തന്നെ കണ്ട് വോട്ടഭ്യർത്ഥിച്ച് പത്രം നേരിട്ട് നൽകി മടങ്ങുകയാണ്. വാർഡിന്റെ 80 ശതമാനം ഭാഗത്തും ശ്രീദേവിയുടെ സ്കൂട്ടർ ഓടിയെത്തുന്നുണ്ട്.

ഐരാപുരം സരസ്വതി വിദ്യാനികേതൻ സ്കൂളിൽ അദ്ധ്യാപികയായിരുന്നു. പ്രായമായ അമ്മയെ പരിചരിക്കുന്നതിന് ജോലി ഉപേക്ഷിച്ചു. തന്റെ ജോലിയുടെ പ്രവർത്തന പാരമ്പര്യവും സാമൂഹ്യ സേവനത്തിലെ പരിചയവും കൈമുതലാക്കിയാണ് മത്സര രംഗത്തെത്തിയത്.