വോട്ടുപിടിക്കാൻ 'കെ.എം. മാണിയും"

Wednesday 03 December 2025 1:07 AM IST

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് 'കെ.എം. മാണി". സാക്ഷാൽ കെ.എം. മാണിയുടെ കൊച്ചുമകൻ. ജോസ് കെ. മാണി എം.പിയുടെയും, നിഷ ജോസ് കെ. മാണിയുടെയും മകനാണ് കെ.എം. മാണി എന്ന കുഞ്ഞുമാണി. ആളെ തിരിച്ചറിയാൻ വിളിപ്പേര് കെ.എം. മാണി ജൂനിയർ എന്നുമാത്രം.

ഏറെ അഭിമാനത്തോടെയാണ് കരിങ്ങോഴിക്കൽ മാണിയെന്ന കെ.എം. മാണി പേരക്കുട്ടിക്ക് തന്റെ പേരിട്ടത്. ബംഗളൂരുവിൽ ബിരുദപഠനത്തിന് ശേഷം തിരുവനന്തപുരത്തെ ജോലിക്കിടയിലാണ് കുഞ്ഞുമാണി പ്രചാരണത്തിനിറങ്ങിയത്. കേരള കോൺഗ്രസ് എമ്മിന്റെ ശക്തികേന്ദ്രങ്ങളായ പാലാ, കടുത്തുരുത്തി മണ്ഡലങ്ങളിലായിരുന്നു ആദ്യ ഘട്ട പ്രചാരണം. തുടർന്ന് കോട്ടയത്തെ വിവിധ പഞ്ചായത്തുകളിലെ ഇടത് സ്ഥാനാർത്ഥികൾക്കൊപ്പവും വീടുകയറി വോട്ടഭ്യർത്ഥിച്ചു. പ്രായമായവരെ ചേർത്തുപിടിച്ചും, കൈപിടിച്ചു കുലുക്കിയും, തോളിൽ തട്ടിയും വോട്ടുറപ്പിക്കുന്ന തിരക്കിലാണ് കെ.എം. മാണി ജൂനിയർ.