തൃശൂർ: നിലനിറുത്താനും പിടിച്ചെടുക്കാനും പോരാട്ടം

Wednesday 03 December 2025 1:09 AM IST

തൃശൂർ: പൂരാവേശം കണക്കെ തൃശൂരിൽ പ്രചാരണം കൊട്ടിക്കയറുകയാണ്. മുന്നണികളുടെ സംസ്ഥാന നേതാക്കളടക്കം പ്രചാരണത്തിന് എത്തുന്നുണ്ട്. കോർപ്പറേഷനിലും മുനിസിപ്പാലിറ്റികളിലുമടക്കം മുന്നണികൾക്ക് അഗ്നിപരീക്ഷയാണ്. ജില്ലാ പഞ്ചായത്തിലും ഒട്ടുംമോശമല്ല. ഏഴ് മുനിസിപ്പാലിറ്റികളിൽ കഴിഞ്ഞതവണ പിടിച്ചെടുത്തവ നിലനിറുത്തി തൂത്തുവാരുകയാണ് എൽ.ഡി.എഫ് ലക്ഷ്യം.

രണ്ട് മുനിസിപ്പാലിറ്റികളിലേക്ക് ചുരുങ്ങിയെന്ന പേരുദോഷം മാറ്റാൻ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് യു.ഡി.എഫ്. കപ്പിനും ചുണ്ടിനുമിടയിൽ ഭരണം നഷ്ടപ്പെട്ട കൊടുങ്ങല്ലൂരും പ്രതിപക്ഷത്തുള്ള കുന്നംകുളത്തും പ്രതീക്ഷ പുലർത്തുന്ന ഇരിങ്ങാലക്കുടയിലും ഭരണം പിടിക്കാനുള്ള തന്ത്രത്തിലാണ് എൻ.ഡി.എ. ഇടതു ഭരണത്തിലായിരുന്ന ചാലക്കുടി തിരിച്ചുപിടിച്ചതായിരുന്നു കഴിഞ്ഞ തവണത്തെ യു.ഡി.എഫിന്റെ നേട്ടം. വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിൽ ഹാട്രിക് ഭരണമാണ് എൽ.ഡി.എഫ് ലക്ഷ്യം. ചാവക്കാട് തുടർച്ചയായ അഞ്ചാംവട്ടവും ഭരണം കിട്ടുമെന്നും പ്രതീക്ഷിക്കുന്നു.

ജില്ലാ പഞ്ചായത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 29ൽ 24 ഡിവിഷനും എൽ.ഡി.എഫ് തൂത്തുവാരിയിരുന്നു. അഞ്ച് ഡിവിഷനിൽ ഒതുങ്ങിയ യു.ഡി.എഫ് ഇക്കുറി ജീവൻമരണ പോരാട്ടത്തിലാണ്. ഇത്തവണ 30 ഡിവിഷനുണ്ട്. ഭൂരിഭാഗം പഞ്ചായത്തും ബ്ലോക്കുകളും നിലവിൽ എൽ.ഡി.എഫിനൊപ്പമാണ്. 86 പഞ്ചായത്തിൽ 69 എണ്ണം. യു.ഡി.എഫ് ഭരണത്തിലുള്ളത് 16 പഞ്ചായത്തുകളിൽ. ഒരെണ്ണത്തിൽ ബി.ജെ.പി.

16 ബ്ലോക്ക് പഞ്ചായത്തിൽ 13 എണ്ണവും നിലവിൽ എൽ.ഡി.എഫിന് കീഴിലാണ്. അതേസമയം, താഴെത്തട്ടിൽ ഇക്കുറി മുന്നേറ്റമുണ്ടാകുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. കേന്ദ്രസർക്കാരിന്റെ വികസനപ്രവർത്തനങ്ങളും പാർലമെന്റ് സീറ്റിൽ സുരേഷ്‌ഗോപിയുടെ വിജയവുമാണ് എൻ.ഡി.എയുടെ ശുഭപ്രതീക്ഷ.

കക്ഷിനില

കോർപ്പറേഷൻ

ഭരണം: എൽ.ഡി.എഫ്

സീറ്റ്: 55

എൽ.ഡി.എഫ്- 24 യു.ഡി.എഫ്- 24 ബി.ജെ.പി- 06 സ്വതന്ത്രൻ-01

ജില്ലാ പഞ്ചായത്ത്

സീറ്റ്: 29

എൽ.ഡി.എഫ്- 24 യു.ഡി.എഫ്- 05

മുനിസിപ്പാലിറ്റികൾ- 7

എൽ.ഡി.എഫ്- 5

യു.ഡി.എഫ്- 2

ബ്ലോക്ക് പഞ്ചായത്തുകൾ- 16

എൽ.ഡി.എഫ്- 13 യു.ഡി.എഫ്- 3

ഗ്രാമപഞ്ചായത്തുകൾ- 86

എൽ.ഡി.എഫ്- 69 യു.ഡി.എഫ്- 16 ബി.ജെ.പി- 1