2000 രൂപയ്ക്ക് മുകളിൽ വില, ഡിമാൻഡും കൂടുതൽ, പക്ഷേ സാധനം കിട്ടാനില്ല
അടിമാലി: അപ്രതീക്ഷിതമായെത്തിയ കാലാവസ്ഥ വ്യതിയാനം ജാതി കർഷകർക്ക് വെല്ലുവിളിയാകുന്നു. ഹൈറേഞ്ച് മേഖലയിലെ വലിയൊരു വിഭാഗം ആളുകളുടെ പ്രധാന വരുമാന മാർഗ്ഗമാണ് ജാതി കൃഷി. ജാതിപത്രിക്ക് 2000രൂപയ്ക്ക് മുകളിൽ വിപണിയിൽ വിലയുണ്ട്. എന്നാൽ മെച്ചപ്പെട്ട വില ലഭിക്കുമ്പോഴും കർഷകർക്ക് വിപണിയിൽ എത്തിക്കാൻ വേണ്ടവിധം ഉത്പന്നമില്ലാത്ത അവസ്ഥയാണ് പ്രതിസന്ധിയാകുന്നത്. മുൻ കാലങ്ങളെ അപേക്ഷിച്ച് ജാതിക്കായുടെ ഉത്പാദനത്തിൽ വലിയ തോതിൽ കുറവ് സംഭവിച്ചിട്ടുണ്ട്.
കഴിഞ്ഞ സീസണിലും സ്ഥിതി സമാനമായിരുന്നു. കാലം തെറ്റി ലഭിക്കുന്ന മഴയാണ് പ്രധാനവില്ലനെന്നാണ് കർഷകരുടെ അഭിപ്രായം. വേണ്ട സമയത്ത് മഴ ലഭിക്കാതിരിക്കുകയും കാലം തെറ്റി പെയ്യുകയും ചെയ്യുന്നതോടെ ജാതി മരങ്ങളിൽ പൂ കൊഴിച്ചിൽ ഉണ്ടാവുന്നു. ഇത് ഉത്പാദനത്തിന് തിരിച്ചടിയാകുന്നുവെന്നും കർഷകർ പറയുന്നു. വളർന്ന് പന്തലിച്ച് നിൽക്കുന്ന ജാതി മരങ്ങളിൽ വേണ്ടവിധം കായ പിടിക്കാതാവുന്നത് കർഷകർക്ക് വലിയ നിരാശയാണ് സമ്മാനിക്കുന്നത്.
കഴിഞ്ഞ കുറേനാളുകളായി ഹൈറേഞ്ചിലെ കൊക്കോ കർഷകരും സമാന പ്രതിസന്ധിയാണ് നേരിടുന്നത്. ഉത്പാദനമില്ലാതായതോടെ കർഷകർ കൊക്കോ ഉപേക്ഷിച്ച് മറ്റ് കൃഷികളിലേക്ക് തിരിയുന്ന സ്ഥിതിയുണ്ടായിരുന്നു. ഉത്പാദനക്കുറവ് തുടർന്നാൽ കൊക്കോയ്ക്ക് പിന്നാലെ ജാതി കർഷകരും പൂർണമായും മറ്റ് കൃഷികളിലേക്ക് വഴിമാറേണ്ട അവസ്ഥയിലാണ് കാര്യങ്ങൾ.