ജമാഅത്തെ ഇസ്ലാമിയോട് എന്നും വിയോജിപ്പ്: ജിഫ്രി മുത്തുക്കോയ തങ്ങൾ
കോഴിക്കോട്: തിരഞ്ഞെടുപ്പിൽ വെൽഫെയർപാർട്ടി അടക്കമുള്ള കക്ഷികളോട് സഖ്യമാകുന്നതിനെക്കുറിച്ച് അതത് രാഷ്ട്രീയ പാർട്ടികളും മുന്നണികളുമാണ് തീരുമാനമെടുക്കേണ്ടതെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയതങ്ങൾ. സഖ്യപ്പെടുന്ന രാഷ്ട്രീയ പാർട്ടികളുടെ നയനിലപാടുകളേയും ആശയങ്ങളേയും കുറിച്ച് ഓരോരുത്തരും പരസ്പരം മനസിലാക്കണം. പാണക്കാട് വെൽഫെയർ പാർട്ടിയുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് സംബന്ധിച്ച് മറുപടി പറയാനാവില്ല. ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളോട് ശക്തമായ വിയോജിപ്പുണ്ടെന്നും ജിഫ്രി തങ്ങൾ ചോദ്യത്തിനുത്തരമായി പറഞ്ഞു. ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയത്തിന്റെ പേരിൽ സമുദായത്തിനകത്ത് നുഴഞ്ഞു കയറാൻ ശ്രമിക്കുകയാണെന്നും വൻ ചിതൽ പോലെ അത് ഇസ്ലാമിനെ തകർക്കുമെന്നതിൽ സംശയമില്ലെന്നും ഇ.കെ വിഭാഗം നേതാവ് ഉമർ ഫൈസി മുക്കം കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജമാഅത്തെ ഇസ്ലാമിയെ ശക്തമായി തള്ളിക്കൊണ്ടുള്ള സയ്യിദ് ജിഫ്രി തങ്ങളുടെ പ്രതികരണം.