റീൽസ് പ്രചാരണത്തിന്റെ ഉള്ളടക്കം പരിശോധിക്കും നിർദ്ദേശം നൽകിയത് തിരഞ്ഞെടുപ്പ് കമ്മിഷൻ

Wednesday 03 December 2025 1:11 AM IST

തിരുവനന്തപുരം: പ്രാദേശിക വാട്സ് ആപ്പ് ഗ്രൂപ്പുകളിലും ഇൻസ്റ്റഗ്രാമിലും നടക്കുന്ന പരിധിവിട്ടുള്ള റീൽസ് പ്രചാരണത്തിന് കടിഞ്ഞാണുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇത്തരം റീൽസുകളുടെ ഉള്ളടക്കങ്ങൾ പരിശോധിക്കാൻ നിരീക്ഷകരോടും പൊലീസ് സൈബർ വിഭാഗത്തിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ നിർദ്ദേശം നൽകി.

പാരഡി ഗാനങ്ങളുമായി അനൗൺസ്മെന്റ് വാഹനങ്ങളും റീൽസും, അനിമേഷനും വീഡിയോകളും വോയ്സ് ക്ളിപ്പുകളും ഇമേജ് കാർഡുകളുമായി സ്ഥാനാർത്ഥികൾ പ്രചരണം കൊഴുപ്പിച്ചതോടെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി തുടങ്ങിയത്. അനൗൺസ്‌മെന്റുകളിൽ ജാതി, മതം തുടങ്ങിയവ ഉൾപ്പെടെയുള്ള വ്യക്തികളുടെ സ്വകാര്യ വിവരം പരാമർശിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. വ്യാജമായതോ, അപകീർത്തികരമായതോ, അനുവദനീയമല്ലാത്തതോ ആയ ഉള്ളടക്കം കണ്ടെത്തിയാലോ, അതുസംബന്ധിച്ച് പരാതി ലഭിച്ചാലോ ഐ.ടി ആ്ര്രക് 2000, ഐ.ടി (ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) റൂൾസ് 2021, ഭാരതീയ ന്യായസംഹിത 2023, മാതൃകാ പെരുമാറ്റച്ചട്ടം എന്നിവയിൽ വരുന്ന എല്ലാ വ്യവസ്ഥകളും ചുമത്തി കർശന നടപടി സ്വീകരിക്കും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡീപ്പ് ഫേക്ക്, വോയിസ് ചെയ്ഞ്ചിംഗ് തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകളിലൂടെ വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിർമ്മിക്കുന്നതും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഉപയോഗിക്കുന്നതിനുമെതിരെ ശക്തമായ നടപടിയെടുക്കും.