മാതൃഭാഷയിലെ വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യം: ഗവർണർ

Wednesday 03 December 2025 1:25 AM IST

തിരുവനന്തപുരം: മാതൃഭാഷയിൽ വിദ്യാഭ്യാസം ആർജിക്കുന്നതിന്റെ പ്രാധാന്യം വലുതാണെന്നും അത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. കേന്ദ്ര വിദ്യാഭ്യാസ നയം പ്രാദേശിക ഭാഷകളിൽ പഠനം നടത്തുന്നതിന് പ്രാധാന്യം നൽകുന്നു. ഭാരതത്തിന്റെ ആദ്യ റെയിൽവേ മന്ത്രിയായും, തുടർന്ന് ധനകാര്യ മന്ത്രിയായും, കേരള സർവകലാശാലയുടെ വൈസ് ചാൻസലറായും പ്രവർത്തിച്ചിട്ടുള്ള ഡോ. ജോൺ മത്തായിയുടെ ‘ഓണസ്റ്റ് ജോൺ’ എന്ന ഇംഗ്ലീഷ് ജീവചരിത്ര ഗ്രന്ഥം ലോക്ഭവനിൽ പ്രകാശനം ചെയ്യുകയായിരുന്നു ഗവർണർ.

കാലിക്കറ്റ് സർവകലാശാലയിലെ ഇലക്ട്രോണിക് മീഡിയ ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ റിസർച്ച് സെന്റർ തയ്യാറാക്കിയ ആറ് മൂക് കോഴ്സുകളും ഗവർണർ ഉദ്ഘാടനം ചെയ്തു. കോഴ്സുകളെല്ലാം മലയാളത്തിലുള്ളവയാണ്. ഭക്തിയാർ കെ. ദാദാബായ്, ഡോ. ദേവിക മഡള്ളി, കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ.പി. രവീന്ദ്രൻ, കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ, ഡോ. ജോൺ മത്തായിയുടെ ചെറുമകൻ വിവേക് മത്തായി തുടങ്ങിയവർ പങ്കെടുത്തു.