പാർട്ടിയിൽ പ്രതിസന്ധി; രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കാൻ ആലോചന? ഇന്ന് നിർണായകം

Wednesday 03 December 2025 6:53 AM IST

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ വീണ്ടും ലെെംഗിക പീഡന പരാതി ഉയർന്നതോടെ പ്രതിസന്ധിയിലായി കോൺഗ്രസ്. രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് ആലോചിക്കുന്നത്. രാഹുലിന്റെ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി പരിഗണിക്കാനിരിക്കെ ഇതുസംബന്ധിച്ച് നേതാക്കൾ തീരുമാനമെടുക്കാനാണ് സാദ്ധ്യത.

നിലവിൽ സസ്പെൻഷനിലാണ് രാഹുൽ. നിലവിലെ സാഹചര്യത്തിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയാൽ രാഷ്ട്രീയമായി ഗുണംചെയ്യുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. സംസ്ഥാനത്തിനകത്തും പുറത്തും രാഹുലിന് വേണ്ടി പൊലീസ് തെരച്ചിൽ നടത്തുകയാണ്.

രാഹുലിന്റെ കാര്യത്തിൽ ഇനി അഴകൊഴമ്പൻ സമീപനം നടക്കില്ലെന്ന അഭിപ്രായമാണ് പല മുതിർന്ന കോൺഗ്രസ് നേതാക്കൾക്കുമുള്ളത്. കടുത്ത നടപടി സ്വീകരിച്ചില്ലെങ്കിൽ ജനങ്ങൾക്ക് മുന്നിൽ കൂടുതൽ നാണം കെടും. ഘടകകക്ഷികൾക്കിടയിലും അസ്വസ്ഥതയുണ്ട്. യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജി വയ്പിച്ചു, പാർലമെന്ററി പാർട്ടിയിൽ നിന്ന് സസ്പെന്റു ചെയ്തു എന്നൊക്കെയുള്ള തൊടുന്യായങ്ങൾ ഇനി വിലപ്പോവില്ല. രാഹുലിനെതിരെ ഇനിയുള്ള നടപടി കൂട്ടായി ആലോചിച്ച് തീരുമാനിക്കുമെന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രതികരണം.

കടുത്ത നടപടി വേണമെന്നതിന്റെ സൂചനയാണ്. രാഹുലിനെ അളവറ്റ് പിന്തുണയ്ക്കുന്നുവെന്ന തോന്നൽ ജനങ്ങളിലുണ്ടാവുന്നത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാവമെന്നും നേതാക്കൾ സംശയിക്കുന്നു. രാഹുലിനെതിരെ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം വരെ സണ്ണി ജോസഫ് പറഞ്ഞിരുന്നത്. ആദ്യമായാണ് തനിക്ക് പരാതി കിട്ടുന്നതെന്നാണ് ഇന്നലെയും അദ്ദേഹം ആവർത്തിച്ചത്.