മൂന്നാറിൽ ബിജെപിക്ക് വോട്ട് പിടിക്കാൻ സിപിഎം മുൻ എംഎൽഎ എസ് രാജേന്ദ്രൻ

Wednesday 03 December 2025 10:02 AM IST

മൂന്നാർ: തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികൾക്ക് വോട്ടഭ്യർത്ഥിച്ച് സിപിഎം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. ഇടമലക്കുടി, ദേവികുളം ഉൾപ്പെടെയുള്ള തോട്ടം മേഖലയിലാണ് രാജേന്ദ്രൻ വോട്ടുതേടിയിറങ്ങിയത്. ഇടമലക്കുടിയിൽ മാത്രം രണ്ടാഴ്‌ചയ്‌ക്കിടെ മൂന്നുതവണ രാജേന്ദ്രൻ വോട്ടുതേടിയെത്തി. സിപിഎമ്മുമായി കഴിഞ്ഞ നാലുവർഷമായി അകന്ന് നിൽക്കുകയായിരുന്നു രാജേന്ദ്രൻ.

'ഞാൻ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചപ്പോൾ എനിക്കുവേണ്ടി പ്രവർത്തിച്ചവരും അവരുടെ ബന്ധുക്കളും ഇത്തവണ പലയിടത്തായി മത്സരിക്കിന്നുണ്ട്. അവരെ തിരിച്ച് സഹായിക്കുന്നതിന്റെ ഭാഗമായാണ് വോട്ടഭ്യർത്ഥിക്കുന്നത്. നിലവിൽ ഒരു പാർട്ടിയിലും ഞാൻ അംഗമല്ല' - രാജേന്ദ്രൻ പറഞ്ഞു.

15 വർഷം സിപിഎം എംഎൽഎ ആയിരുന്നു എസ് രാജേന്ദ്രൻ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എ രാജയെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ഒരു വർഷത്തേക്ക് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്‌തിരുന്നു. സസ്‌പെൻഷൻ കാലാവധി അവസാനിച്ചിട്ടും തിരികെ പാർട്ടിയിൽ പ്രവേശിപ്പിക്കാതിരുന്നതോടെ വിവാദങ്ങൾ ഉയർന്നു. രാജേന്ദ്രൻ ബിജെപിയിൽ ചേരുമെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്.