'പുകഞ്ഞ കൊള്ളി  പുറത്ത്, ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയം';  രാഹുലിനെതിരെ ശക്തമായ നടപടിയെന്ന്  കെ  മുരളീധരൻ

Wednesday 03 December 2025 10:14 AM IST

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പുകഞ്ഞ കൊള്ളി പുറത്തെന്നും ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായെന്നും മുരളീധരൻ ഇന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞു.

'എംഎൽഎ സ്ഥാനം തുടരണോയെന്ന് അദ്ദേഹം തീരുമാനിക്കണം. അത് പാർട്ടിയല്ല തീരുമാനിക്കേണ്ടത്. പുകഞ്ഞ കൊള്ളിയോട് സ്‌നേഹമുള്ളവർക്കും പുറത്ത് പോകാം. നിലപാട് കെപിസിസി പ്രസിഡന്റിനെ അറിയിച്ചു. രാഹുൽ മാങ്കൂട്ടത്തിലുമായുള്ള പൊക്കിൾക്കൊടി ബന്ധം പാർട്ടി അവസാനിപ്പിച്ചു'- മുരളീധരൻ പറഞ്ഞു.

അതേസമയം, രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നത്. രാഹുലിന്റെ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി പരിഗണിക്കാനിരിക്കെ ഇതുസംബന്ധിച്ച് നേതാക്കൾ തീരുമാനമെടുക്കാനാണ് സാദ്ധ്യത. നിലവിൽ സസ്പെൻഷനിലാണ് രാഹുൽ.രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയാൽ രാഷ്ട്രീയമായി ഗുണംചെയ്യുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. സംസ്ഥാനത്തിനകത്തും പുറത്തും രാഹുലിന് വേണ്ടി പൊലീസ് തെരച്ചിൽ നടത്തുകയാണ്.

രാഹുലിന്റെ കാര്യത്തിൽ ഇനി അഴകൊഴമ്പൻ സമീപനം നടക്കില്ലെന്ന അഭിപ്രായമാണ് പല മുതിർന്ന കോൺഗ്രസ് നേതാക്കൾക്കുമുള്ളത്. കടുത്ത നടപടി സ്വീകരിച്ചില്ലെങ്കിൽ ജനങ്ങൾക്ക് മുന്നിൽ കൂടുതൽ നാണം കെടും. ഘടകകക്ഷികൾക്കിടയിലും അസ്വസ്ഥതയുണ്ട്. യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജി വയ്പിച്ചു, പാർലമെന്ററി പാർട്ടിയിൽ നിന്ന് സസ്പെന്റു ചെയ്തു എന്നൊക്കെയുള്ള തൊടുന്യായങ്ങൾ ഇനി വിലപ്പോവില്ലെന്നാണ് പാർട്ടി നേതൃത്വം കരുതുന്നത്. രാഹുലിനെതിരെ ഇനിയുള്ള നടപടി കൂട്ടായി ആലോചിച്ച് തീരുമാനിക്കുമെന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രതികരണം.