ശബരിമല സ്വർണക്കൊള്ള; അന്വേഷണത്തിന് ഒരുമാസംകൂടി അനുവദിച്ചു,​ ഇഡിക്ക് അപേക്ഷ നൽകാമെന്ന് ഹൈക്കോടതി

Wednesday 03 December 2025 11:20 AM IST

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ അന്വേഷണത്തിന് ഒരുമാസംകൂടി സമയം അനുവദിച്ച് ഹൈക്കോടതി. ജസ്റ്റിസുമാരായ വി രാജാ വിജയരാഘവൻ, കെ വി ജയകുമാര്‍ എന്നിവരുൾപ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. പ്രത്യേക അന്വേഷണ സംഘം അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. ഇന്ന് അന്വേഷണത്തിനുള്ള ആറാഴ്ചത്തെ സമയപരിധി അവസാനിക്കുന്ന ഘട്ടത്തിലാണ് കേസ് വീണ്ടും പരിഗണിച്ചത്. അന്വേഷണം അവസാനിച്ചിട്ടില്ലെന്നും കൂടുതൽ സമയം വേണമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ഒരുമാസത്തേക്കുകൂടി സമയം അനുവദിച്ച് ഇടക്കാല ഉത്തരവിട്ടത്.

കേസ് സംബന്ധിച്ച രേഖകൾ കൈമാറുന്നതിനായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേ​റ്റിന് (ഇഡി)​ അപേക്ഷ നൽകാമെന്ന് കോടതി അറിയിച്ചു. മജിസ്‌ട്രേ​റ്റ് കോടതിയിലാണ് അപേക്ഷ നൽകേണ്ടത്. ഇഡി പ്രത്യേക ഹർജി നൽകിയതിനുപിന്നാലെയാണ് തീരുമാനം. കേസിന്റെ അനുബന്ധ രേഖകൾക്കായി ഇഡി മജിസ്‌ട്രേ​റ്റ് കോടതിയെ നേരത്തെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് ഉണ്ടായിരുന്നില്ല. ഇതിനുപിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്.അതേസമയം, ശബരിമല സ്വർണക്കൊളളക്കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എൻ വാസുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി.