രാഹുൽ ഈശ്വറിന് തിരിച്ചടി; കസ്റ്റഡിയിൽ വിട്ടു, വിശദമായി അന്വേഷണം നടത്താനൊരുങ്ങി പൊലീസ്

Wednesday 03 December 2025 12:01 PM IST

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ ലൈംഗിക പീഡനപരാതി നൽകിയ യുവതിക്കെതിരെ സൈബർ ആക്രമണം നടത്തിയ രാഹുൽ ഈശ്വറിനെ കസ്​റ്റഡിയിൽ വിട്ടു. നാളെ വൈകിട്ട് വരെ രാഹുൽ പൊലീസ് കസ്​റ്റഡിയിൽ തുടരും. സി​റ്റി സൈബർ പൊലീസ് മൂന്ന് ദിവസത്തെ കസ്​റ്റഡി അപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ നൽകിയിരുന്നു.

രാഹുൽ ഈശ്വർ ഇന്ന് ജാമ്യാപേക്ഷ നൽകിയിരുന്നുവെങ്കിലും കസ്​റ്റഡി കാലാവധി അവസാനിച്ചതിനു ശേഷമായിരിക്കും ജാമ്യാപേക്ഷയിൽ വാദം കേൾക്കുക. രാഹുൽ മാങ്കൂട്ടത്തിലിനുവേണ്ടി തുടർച്ചയായി വീഡിയോ ചെയ്തതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസിന്റെ വാദം. അതിനാൽ കൂടുതൽ തെളിവെടുപ്പ് ആവശ്യമാണെന്നും രാഹുലിനെ ടെക്‌നോപാർക്കിലെ ഓഫീസിലെത്തിച്ച് തെളിവെടുപ്പ് നടത്തണമെന്നും പൊലീസ് അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നു. രാഹുലിനെ കസ്​റ്റഡിയിലെടുത്തപ്പോൾ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരുന്നത്. വിശദ അന്വേഷണം നടത്തിയതിനുശേഷമാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയത്. തുറന്ന കോടതിയിൽ തന്നെ ഹാജരാക്കണമെന്ന് രാഹുലാണ് ആവശ്യപ്പെട്ടത്.

ഞായറാഴ്ച വെെകിട്ടാണ് കേസിൽ രാഹുലിനെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസ്. ഇലക്ട്രോണിക് സംവിധാനങ്ങളുടെ ദുരുപയോഗവും ചുമത്തിയിട്ടുണ്ട്. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തിയെന്നതടക്കം ചൂണ്ടിക്കാട്ടി യുവതി നൽകിയ പരാതിയിലാണ് സൈബർ പൊലീസിന്റെ നടപടി. വൈകിട്ട് അഞ്ചോടെ വസതിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് നന്ദാവനം എ ആർ ക്യാമ്പിലെ സൈബർ പൊലീസ് സ്റ്റേഷനിലും പൊലീസ് ട്രെയിനിംഗ് കോളേജിലുമെത്തിച്ച് നാല് മണിക്കൂറോളം ചോദ്യം ചെയ്തു. ഒൻപതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.