'2026 നവംബറിൽ അന്യഗ്രഹജീവി ഭൂമിയിലെത്തും'; വീണ്ടും ഞെട്ടിക്കുന്ന പ്രവചനങ്ങൾ
ലോകത്തെ ഏറെ അത്ഭുതപ്പെടുത്തിയ കാര്യങ്ങൾ പ്രവചിച്ചയാളാണ് ബർഗേറിയൻ ജ്യോതിഷി ബാബ വാംഗ. രണ്ടാം ലോകമഹായുദ്ധം, ചെർണോബിൽ ദുരന്തം, ഡയാന രാജകുമാരിയുടെയും സാർ ബോറിസ് മൂന്നാമന്റെയും മരണ തീയതി, റഷ്യൻ അന്തർവാഹിനി കർസ്ക് മുങ്ങിയത്, കിഴക്കൻ ബൾഗേറിയയിലുണ്ടായ ഭൂകമ്പം, യുഎസിലെ സെപ്തംബർ 11 ആക്രമണം, 2004ലെ സുനാമി എന്നിവ അതിൽ പ്രധാനമാണ്.
ആരാണ് ബാബ വാംഗ
വാംഗെലിയ പാണ്ഡെവ ഗുഷ്‌ട്ടെറോവ എന്നാണ് ബാബ വാംഗയുടെ യഥാർത്ഥ പേര്. 1911 ജനുവരി 31ന് ആണ് ജനനം. ദാരിദ്ര്യമടക്കമുള്ള പ്രയാസങ്ങൾ നേരിട്ടാണ് വളർന്നത്. പന്ത്രണ്ടാം വയസിൽ ചുഴലിക്കാറ്റിൽ കാഴ്ചശക്തി പൂർണമായും നഷ്ടമായി. കാഴ്ച പോയതിന് ശേഷമാണ് അവർക്ക് ഭാവി പ്രവചിക്കാനുള്ള അത്ഭുത സിദ്ധി ലഭിച്ചതെന്നാണ് കരുതപ്പെടുന്നത്.
വിപ്ലവകാരി എന്ന് മുദ്രകുത്തി ബാബ വാംഗയുടെ അച്ഛനെ അധികൃതർ ജയിലിലടച്ചിരുന്നു. കുട്ടിക്കാലത്ത് തന്നെ അമ്മയേയും നഷ്ടമായി. ഇതോടെ ബന്ധുവീടുകളിൽ മാറി മാറിത്താമസിച്ചു. പിന്നീട് ബൾഗേരിയൻ സൈനികനെ വിവാഹം കഴിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമാണ് വാംഗ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.
ബൾഗേറിയൻ രാജാവ് അടക്കം അവരെ കാണാനെത്തിയിരുന്നുവെന്ന് പറയപ്പെടുന്നു. 1996ലാണ് ബാബ വാംഗ അന്തരിച്ചത്. മരണശേഷവും ഇവരുടെ അണികളിലൂടെ പ്രവചനങ്ങൾ ലോകം മുഴുവനും അറിഞ്ഞുതുടങ്ങി. സോഷ്യൽ മീഡിയയിൽ അടക്കം ബാബ വാംഗ ഇപ്പോൾ പ്രശസ്തയാണ്. 2026ൽ നടക്കാൻ പോകുന്ന പല കാര്യങ്ങളും ഇവർ നേരത്തെ പ്രവചിച്ചിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ടവ എന്തൊക്കെയാണെന്ന് നോക്കാം.
അന്യഗ്രഹ ജീവികൾ
ബാബ വാംഗയുടെ പ്രധാനപ്പെട്ട പ്രവചനങ്ങളിൽ ഒന്നാണ് അന്യഗ്രഹജീവികൾ. അന്യഗ്രഹ ജീവികൾ ഉണ്ടെന്നും ഇല്ലെന്നും അവകാശപ്പെടുന്നവരുണ്ട്. ഇതുവരെ ഇതിനെസംബന്ധിച്ച് വ്യക്തമായ തെളിവ് കണ്ടെത്താൻ ഗവേഷകർക്ക് കഴിഞ്ഞിട്ടില്ല. ബാബ വാംഗയുടെ പ്രവചനത്തിൽ 2026 നവംബറിൽ ഒരു അന്യഗ്രഹ പേടകം ഭൂമിയിലെത്തുമെന്ന് പറയുന്നുണ്ട്. അന്യഗ്രഹജീവികളുമായി മനുഷ്യർ സമ്പർക്കം പുലർത്തുമെന്നും അവർ പറയുന്നുണ്ട്.
നിർമിതബുദ്ധി
2026ൽ നിർമിതബുദ്ധികൾ വലിയ പുരോഗതി കെെവരിക്കുമെന്നും അവർ വ്യക്തമാക്കുന്നു. 2026ൽ നിർമിതബുദ്ധി ശക്തിപ്രാപിക്കുകയും മനുഷ്യരെ തന്നെ നിയന്ത്രിക്കുന്ന ശക്തിയായി അത് മാറുമെന്നും ബാബ വാംഗയുടെ പ്രവചനത്തിൽ പറയുന്നുണ്ട്.
പ്രകൃതി ദുരന്തങ്ങൾ
പ്രകൃതിദുരന്തങ്ങളുടെ പരമ്പരതന്നെ 2026ൽ സംഭവിക്കുമെന്നാണ് ബാബ വാംഗ പറയുന്നത്. ഭൂകമ്പങ്ങൾ, അഗ്നിപർവത സ്‌ഫോടനങ്ങൾ, കാലാവസ്ഥ വ്യതിയാനം എന്നിവയെല്ലാം സംഭവിക്കുമെന്നാണ് പ്രവചനം. 2022ലെ യുകെയിൽ ഉണ്ടായ വെള്ളപ്പൊക്കവും മുൻപ് ബാബ വാംഗ പ്രവചിച്ചതാണെന്ന് അനുയായികൾ പറയുന്നു. പ്രകൃതിദുരന്തങ്ങൾ 2026ൽ എവിടെയാണ് സംഭവിക്കുന്നതെന്ന് എടുത്തുപറഞ്ഞിട്ടില്ലെങ്കിലും ഭൂമിയുടെ മുഴുവൻ കരഭാഗത്തിന്റെ എട്ട് ശതമാനത്തോളം ഇത് ബാധിക്കുമെന്നാണ് പ്രവചനം. 2026ൽ വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകുമെന്നും പറയുന്നു. വെള്ളപ്പൊക്കവും വരൾച്ചയും ഉണ്ടാകുമെന്നും അവർ പ്രവചിച്ചിട്ടുണ്ട്. കേട്ടുകേൾവിപോലും ഇല്ലാത്ത കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകുന്നു.
ശക്തനായ നേതാവിന്റെ ഉദയം
റഷ്യയിൽ നിന്നുള്ള ശക്തനായ ഒരു നേതാവിന്റെ ആവിഭാവത്തെക്കുറിച്ചും പ്രവചനങ്ങൾ പറയുന്നുണ്ട്. ആഗോളതലത്തിൽ സ്വാധീനിക്കാൻ കഴിയുന്ന ഒരു നേതാവ് ഉയർന്നുവരുമെന്നും ഇയാൾ ലോക നേതാവ് എന്ന പദവിയിലേക്ക് ഉയരുമെന്നും ബാബ വാംഗ വ്യക്തമാക്കുന്നു.
മൂന്നാം ലോകമഹായുദ്ധം
ബാബ വാംഗയുടെ മറ്റൊരു പ്രധാന പ്രവചനമാണ് മൂന്നാംലോക മഹായുദ്ധം. 2026ൽ മനടക്കുന്ന സംഘർഷങ്ങൾ മൂന്നാം ലോകമഹായുദ്ധത്തിന് കാരണമാകുമെന്നാണ് പ്രവചനം. തായ്‌വാനെ ചെെന കീഴ്പ്പെടുത്താനുള്ള സാദ്ധ്യതയും സൂചിപ്പിക്കുന്നുണ്ട്. കൂടാതെ റഷ്യയും യുഎസ്എയും തമ്മിൽ നേരിട്ട് ഏറ്റമുട്ടുമെന്നും ബാബ വാംഗ മുന്നറിയിപ്പ് നൽകുന്നു. ഇതെല്ലാം ഒരു മൂന്നാം ലോകമഹായുദ്ധത്തിലായിരിക്കും അവസാനിക്കുക.