തെങ്ങിൽ കെട്ടിയ തിരഞ്ഞെടുപ്പ് ബോർഡ് ‘അപ്രത്യക്ഷമായി’: തെളിവായി സി.സി ടിവി
കൊച്ചി: തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രചാരണത്തെച്ചൊല്ലി തർക്കങ്ങളും മുറുകി. കോർപ്പറേഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ തെങ്ങിൽ കെട്ടിയിരുന്ന തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡ് അഴിച്ചുമാറ്റിയതുമായി ബന്ധപ്പെട്ട് സ്വതന്ത്ര സ്ഥാനാർത്ഥിയുടെ ഏജന്റുമാരെ പ്രതികളാക്കി പൊലീസ് കേസെടുത്ത സംഭവവുമുണ്ടായിരുന്നു.
കോർപ്പറേഷൻ ഗിരിനഗർ ഡിവിഷനിൽ മത്സരിക്കുന്ന പി.ഡി.മാർട്ടിന്റെ ബോർഡാണ് രാത്രി ‘അപ്രത്യക്ഷ’മായത്. സംഭവത്തിൽ ഇതേ വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ കൂടെയുള്ള ഐപ്പ്, ബിനോയ്, ജോഷി എന്നിവരെ പ്രതികളാക്കി കടവന്ത്ര പൊലീസ് കേസെടുത്തു.
എളംകുളം ബ്ലോസം കൊച്ചിൻ റോഡിൽ മാർത്തോമ്മ പള്ളിക്ക് സമീപം പാർക്കിംഗ് ഗ്രൗണ്ടിലെ തെങ്ങിൽ കെട്ടിയിരുന്ന ബോർഡാണ് അർദ്ധരാത്രി അഴിച്ചുമാറ്റിയത്. രാവിലെ കോൺഗ്രസ് പ്രവർത്തകർ സ്ഥലത്ത് എത്തിയപ്പോൾ കണ്ടത് മാർട്ടിന്റെ ബോർഡിന് പകരം സ്വതന്ത്ര സ്ഥാനാർത്ഥിയായ വനിതയുടെ പ്രചാരണ ബോർഡാണ്. സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ മുഖ്യ ഏജന്റിന്റെ നേതൃത്വത്തിൽ ബോർഡ് അഴിച്ചുമാറ്റുന്ന ദൃശ്യങ്ങൾ കിട്ടി. ഇതോടെ ബോർഡ് താഴെയിറക്കാൻ സ്വതന്ത്ര തയ്യാറായതോടെ രംഗം ശാന്തമായി.