'വാണ്ടഡ്' രാഹുലെവിടെ; ചിത്രം കോഴിക്കൂട്ടിൽ, വൈറൽ വീഡിയോ

Wednesday 03 December 2025 4:45 PM IST

ലൈംഗികാതിക്രമക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ ഒരാഴ്ചയോളമായി ഒളിവിലാണ്. മുൻകൂർ ജാമ്യം പരിഗണിക്കുന്നത് നാളേക്ക് മാറ്റിയിരിക്കുകയാണ്. അറസ്റ്റ് തടഞ്ഞിട്ടുമില്ല. ഇതിനിടയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ് എഫ് ഐ എടക്കാട് ഏരിയാ കമ്മിറ്റിയുടെ നേതിതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

രാഹുലിന്റെ ഫോട്ടോ പതിപ്പിച്ച്, വാണ്ടഡ് എന്നെഴുതിയ പോസ്റ്ററുമായി എടക്കാട് ടൗണിലാണ് എസ് എഫ് ഐ പ്രതിഷേധം നടത്തിയത്. ഇതിന്റെ വീഡിയോ എസ് എഫ് ഐ കണ്ണൂർ ഡിസി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

'പീഡന വീരൻ രാഹുൽ മാങ്കൂട്ടത്തിലിനെ എത്രയും പെട്ടെന്ന് പൊലീസ് അറസ്റ്റ് ചെയ്യുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ് എഫ് ഐ എടക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എടക്കാട് ടൗണിൽ ലുക്ക് ഔട്ട് നോട്ടീസ് നൽകി പ്രതിഷേധം സംഘടിപ്പിച്ചു.'- എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. രാഹുലിന്റെ ചിത്രം കോഴിക്കൂട്ടിൽ വച്ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.