കായോ പൂവോ അല്ല; മരം നിറയെ ഉപയോഗിച്ച ഡയപ്പറുകൾ, പിന്നാലെ വിമർശനം

Wednesday 03 December 2025 5:20 PM IST

ലക്‌നൗ: പൗരബോധമെന്നത് ഓരോ വ്യക്തിയും പരിശീലിക്കേണ്ട കാര്യമാണ്. അധികാരകേന്ദ്രങ്ങൾ മാലിന്യ സംസ്‌കരണത്തിൽ വീഴ്ച വരുത്തുന്നുവെന്ന് പറയുമ്പോൾ പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപത്തിൽ നമ്മൾ പങ്കാളികളാകുന്നില്ലെന്ന് ഉറപ്പിക്കാൻ ഓരോരുത്തർക്കും കഴിയണം. അത്തരത്തിൽ ഇന്ത്യയിൽ പൗരബോധത്തെക്കുറിച്ച് വിശാലമായ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോ.

ഇരുനിലകെട്ടിടത്തിന് പുറത്തുള്ള ഒരു മരത്തിൽ ഉപയോഗിച്ച ഡയപ്പറുകൾ തൂങ്ങികിടക്കുന്നതിന്റെയും താഴെ മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നതിന്റെയും ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്ന് ചിത്രീകരിച്ച ദൃശ്യങ്ങളാണിതെന്നാണ് കരുതുന്നത്. സുസ്ഥിര ജീവിത ശൈലിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ ചെയ്യുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ശ്വേത കതാരിയയാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടത്.

ഇരുനില വീടിന്റെ ഷോട്ടോടെയാണ് വീഡിയോ ആരംഭിക്കുന്നത്. വീടിന് പുറത്തുള്ള പൊതുവഴിക്ക് അരികിലായി നിൽക്കുന്ന മരത്തിൽ നിറയെ ഡയപ്പറുകൾ തൂങ്ങികിടക്കുന്നതാണ് പിന്നീട് കാണിക്കുന്നത്. ഇരുനില വീട്ടിൽ താമസിക്കുന്ന കുടുംബത്തിൽ ഒരു കുഞ്ഞുണ്ടെന്ന് വീഡിയോയിൽ പറയുന്നുണ്ട്.

ഡയപ്പറുകൾ സംസ്‌കരിക്കുന്നത് വളരെ വെല്ലുവിളി നേരിടുന്ന കാര്യമാണ്. തുണി കൊണ്ടുള്ള ഡയപ്പറുകൾ ഉപയോഗിക്കുന്നത് ഈ പ്രതിസന്ധികൾ കുറയ്‌ക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇത് പരിസ്ഥിതിയെ മോശമായി ബാധിക്കില്ലെന്നും കുട്ടികളുടെ ചർമ്മത്തിന് സംരക്ഷണം നൽകുമെന്നും അവർ പറയുന്നു. കൂടാതെ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്ന ഹീനമായ പ്രവർത്തിയെ ശക്തമായ ഭാഷയിലാണ് സോഷ്യൽമീഡിയ വിമർശിക്കുന്നത്.