'നിങ്ങള്‍ സ്ത്രീപക്ഷത്തോ, അതോ റേപ്പിസ്റ്റ് പക്ഷത്തോ'; പ്രിയങ്ക ഗാന്ധിയോട് ചോദ്യവുമായി പി കെ ശ്രീമതി

Wednesday 03 December 2025 6:46 PM IST

തിരുവനന്തപുരം: കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി ഉയര്‍ന്നിട്ടും പ്രതികരിക്കാത്ത പ്രിയങ്ക ഗാന്ധിക്കെതിരെ വിമര്‍ശനവുമായി അഖിലേന്ത്യാ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് പി കെ കെ ശ്രീമതി.

'വയനാട് എംപി വാ തുറക്കാത്തത് എന്ത്, നിങ്ങള്‍ സ്ത്രീ പക്ഷത്തോ അതോ റേപിസ്റ്റ് പക്ഷത്തോ, ഉത്തരം പറയൂ പ്രിയങ്കേ'- എന്ന് പി കെ ശ്രീമതി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. രാഹുല്‍ മങ്കൂട്ടത്തിലിനെതിരെ ഇരുപത്തിമൂന്നുകാരി രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സണ്ണി ജോസഫ് എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. എന്നാല്‍ വിഷയത്തില്‍ പ്രിയങ്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.

യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും അശാസ്ത്രീയ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്ത കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോഴും ഒളിവിലാണ്. ലൈംഗികാതിക്രമത്തിന് ഇരയായതായി യുവതി മുഖ്യമന്ത്രിയ്ക്ക് ഉള്‍പ്പെടെ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ ഒന്നാംപ്രതിയും ഗര്‍ഭഛിദ്രത്തിന് മരുന്നെത്തിച്ച മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് പത്തനംതിട്ട അടൂര്‍ സ്വദേശി ജോബി ജോസഫ് രണ്ടാം പ്രതിയുമാണ്. ജീവപര്യന്തം തടവുശിക്ഷവരെ കിട്ടാവുന്ന ബലാത്സംഗക്കുറ്റമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയിട്ടുള്ളത്.