ശുബ്മാന്‍ ഗില്‍ തിരിച്ചെത്തി; സഞ്ജു ടീമില്‍ തുടരും, യുവ സൂപ്പര്‍താരം പുറത്ത്, ട്വന്റി 20 ടീമിനെ പ്രഖ്യാപിച്ചു

Wednesday 03 December 2025 7:16 PM IST

മുംബയ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലേക്ക് ഉപനായകന്‍ ശുബ്മാന്‍ ഗില്‍ മടങ്ങിയെത്തി. കൊല്‍ക്കത്തയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ കളിക്കുന്നതിനിടെയാണ് ഗില്‍ പരിക്കേറ്റ് പുറത്തായത്. ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ യുവ സൂപ്പര്‍താരം യശസ്വി ജയ്‌സ്‌വാളിനെ ഒഴിവാക്കി. അതോടൊപ്പം നിധീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിംഗ് എന്നിവരേയും ടീമില്‍ നിന്ന് തഴഞ്ഞു.

അതേസമയം മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ടീമില്‍ ഇടംപിടിച്ചു. എമേര്‍ജിംഗ് ഏഷ്യ കപ്പില്‍ ഇന്ത്യ എ ടീമിനെ നയിച്ച ജിതേഷ് ശര്‍മ്മയും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. ഹാര്‍ദിക് പാണ്ഡ്യയും മടങ്ങിയെത്തും. ശുബ്മാന്‍ ഗില്ലിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ നിന്ന് ക്ലിയറന്‍സ് ലഭിക്കുന്ന മുറയ്ക്ക് മാത്രമേ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തുകയുള്ളൂ.

ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുബ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദൂബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ്മ, സഞ്ജു സാംസണ്‍, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, വാഷിംഗ്ടണ്‍ സുന്ദര്‍