വഴിയാത്രക്കാരിയുടെ കൈയിൽ തട്ടി ബസിനടിയിൽപെട്ടു, എൽഡിഎഫ് സ്ഥാനാർത്ഥിയുടെ മകന് ദാരുണാന്ത്യം

Wednesday 03 December 2025 9:13 PM IST

മലയിൻകീഴ്: ആമച്ചലിൽ വഴിയാത്രക്കാരിയുടെ കൈയിൽ തട്ടി നിയന്ത്രണം തെറ്റിയ ബൈക്കിൽ നിന്ന് റോഡിൽ വീണ യുവാവ് കെ.എസ്.ആർ.ടി.സി ബസിനടിയിൽപ്പെട്ട് മരിച്ചു. ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ മണ്ഡപത്തിൻകടവ് വാർഡ് എൽ.ഡി.എഫ് സ്ഥാനാർത്ഥി സുനിതയുടെ മകൻ അഭിജിത്തിനാണ് (23) ദാരുണാന്ത്യം.

രാവിലെ 5.45ന് ആമച്ചൽ മുസ്ലിം പള്ളിക്കു സമീപത്താണ് സംഭവം. കാട്ടാക്കട മുരളിയ ഡെയറിയിലെ ജീവനക്കാരനാണ് അഭിജിത്ത്. വീട്ടിൽനിന്ന് ഡെയറിയിലേക്ക് പോവുകയായിരുന്നു. റോഡിന്റെ വശത്തുകൂടി നടന്നുപോയ സ്ത്രീയുടെ കൈയിൽ ബൈക്കിന്റെ ഹാൻഡിൽ തട്ടുകയായിരുന്നു. ബൈക്ക് റോഡിന് ഇടതുവശത്തേക്കും അഭിജിത്ത് എതിർ ദിശയിൽനിന്നു വന്ന ബസിനടിയിലേക്കുമാണ് വീണത്. ബസിന്റെ പിൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങി.

ബസിന്റെ ലൈറ്റ് കണ്ണിൽ അടിച്ച് കാഴ്ച മങ്ങിയതാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കാട്ടാക്കട ഡിപ്പോയിൽ നിന്ന് പ്ലാപ്പഴിഞ്ഞിയിലേക്ക് പോകുകയായിരുന്നു ബസ്. അപകടത്തെ തുടർന്ന് ആളുകൾ കൂടിയെങ്കിലും ഒരു മണിക്കൂറോളം അഭിജിത്ത് റോഡിൽത്തന്നെ കിടന്നു. പൊലീസെത്തി നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ സി.സി ടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ബൈക്ക് തട്ടി പരിക്കേറ്റ സ്ത്രീയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പോസ്റ്റ്‌മോർട്ടത്തിനു ശേഷം വൈകുന്നേരം 4 മണിയോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ഒറ്റശേഖരമംഗലം കുന്നനാട് വെള്ളംകൊല്ലി വീട്ടിൽ പരേതനായ ചന്ദ്രനാണ് പിതാവ്. സഹോദരൻ : ശ്രീജിത്ത്.