ബംഗാൾ ഗവർണർ ആനന്ദബോസ് വള്ളത്തോൾ ഭവനം സന്ദർശിച്ചു
Thursday 04 December 2025 3:25 AM IST
തിരൂർ: എഴുത്തുകാരനും പശ്ചിമബംഗാൾ ഗവർണറുമായ ഡോ.സി.വി. ആനന്ദബോസ് മഹാകവി വള്ളത്തോളിന്റെ ജന്മഗൃഹമായ ചേന്നരയിലെ കൊണ്ടയൂർ തറവാട് സന്ദർശിച്ചു. ബുധനാഴ്ച വൈകിട്ടായിരുന്നു സന്ദർശനം. വള്ളത്തോൾ ജനിച്ച മുറിയും മഹാകവി ആദ്യമായി കവിത രചിച്ച ആൽമരച്ചുവടും ഗവർണർ സന്ദർശിച്ചു. കൊണ്ടയൂർ തറവാട്ടിലെ ഇരുകുളങ്ങര ക്ഷേത്രത്തിൽ ദർശനം നടത്തി. ഗവർണർ രചിച്ച 'മിത്തും സയൻസും-ഒരു പുനർവായന' എന്ന പുസ്തകത്തെകുറിച്ചുള്ള ചർച്ച നടന്നു. രാംദാസ് വള്ളത്തോൾ, തറവാട്ടിലെ ഇപ്പോഴത്തെ താമസക്കാരായ വള്ളത്തോൾ ഭാരതിയമ്മ, ശ്രീധരൻ നായർ, മലയാള സർവകലാശാലയുടെ മുൻ വൈസ് ചാൻസലർമാരായ ഡോ.അനിൽ വള്ളത്തോൾ, ഡോ.എൽ.സുഷമ, പുസ്തകത്തിൻ്റെ വിവർത്തക ഡോ.എം.പി.അനിത, തുടങ്ങിയവർ സംസാരിച്ചു.