കേരളത്തിലെ ഈ വിനോദസഞ്ചാര കേന്ദ്രത്തില്‍ പോകുമ്പോള്‍ ജാഗ്രത വേണം, പ്രത്യേകിച്ച് ഫോട്ടോ എടുക്കാന്‍ നിര്‍ത്തുമ്പോള്‍ 

Wednesday 03 December 2025 9:29 PM IST

കേരളത്തിലേക്ക് പ്രധാനമായും വിനോദസഞ്ചാരികള്‍ എത്തുന്നത് മൂന്നാര്‍ കാണാനാണ്. കേരളത്തില്‍ നിന്നുള്ള ആഭ്യന്തര വിനോദസഞ്ചാരികളുടേയും ആദ്യ പരിഗണനയിലുള്ള സ്ഥലം മൂന്നാറായിരിക്കും. പ്രകൃതി ഭംഗിയും മികച്ച കാലാവസ്ഥയും മൂന്നാറിനെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കി മാറ്റുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. എന്നാല്‍ വന്യമൃഗങ്ങളുടെ സാന്നിദ്ധ്യത്തിന്റെ കാര്യത്തില്‍ ചില അപകടങ്ങളും മൂന്നാറില്‍ പതിയിരിക്കുന്നുണ്ട്. പ്രത്യേകിച്ച് ഉള്‍പ്രദേശങ്ങളിലാണ് വന്യജീവികളുടെ സാന്നിദ്ധ്യം കൂടുതലും.

കാട്ടാനയും കടുവയും പുലിയുമൊക്കെയാണ് പ്രധാനമായും മൂന്നാറിന്റെ ഉള്‍പ്രദേശങ്ങളിലെ പ്രശ്‌നക്കാര്‍. പലപ്പോഴും ഇവ മനുഷ്യനെ ആക്രമിക്കുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. വന്യജീവികളുടെ സാന്നിദ്ധ്യമുള്ള ഇത്തരം കേന്ദ്രങ്ങളിലേക്ക് പോകുന്ന വിനോദ സഞ്ചാരികള്‍ വലിയ ജാഗ്രത പുലര്‍ത്തണമെന്നാണ് പറയപ്പെടുന്നത്. മൂന്നാറിലെ ഉള്‍പ്രദേശങ്ങളിലേക്ക് പോകുമ്പോള്‍ സ്ഥലത്തെക്കുറിച്ച് പരിചയമുള്ള ഒരാളുടെ സഹായം കൂടി തേടുന്നത് നല്ലതായിരിക്കും.

അതുപോലെ തന്നെ യാത്രകള്‍ പോകുമ്പോള്‍ ആ സ്ഥലത്ത് നിന്നുള്ള ചിത്രങ്ങള്‍ ഫോണിലും ക്യാമറയിലും പകര്‍ത്തുന്നവരും ശ്രദ്ധിക്കണം. മൂന്നാറിലെ ഉള്‍പ്രദേശങ്ങളില്‍ പോകുമ്പോള്‍ തേയിലത്തോട്ടങ്ങള്‍ പോലുള്ള തുറസ്സായ സ്ഥലങ്ങളുടെ പശ്ചാത്തലത്തില്‍ ചിത്രമെടുക്കുമ്പോള്‍ കനത്ത ജാഗ്രത വേണം. ഈ പ്രദേശങ്ങളിലാണ് പുലിയും കടുവയും പോലുള്ള ജീവികളുടെ ആക്രമണം ഉണ്ടാകുന്നത്. കാട്ടില്‍ നിന്ന് ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്ന പല മൃഗങ്ങളുടേയും സാന്നിദ്ധ്യം കൂടുതലുള്ളതും ഇവിടങ്ങളിലാണ്. പ്രായമായ ജീവികള്‍ക്ക് മറ്റ് ജീവികളെ വേട്ടയാടാനുള്ള ശക്തിയും കുറവായിരിക്കും. അതുകൊണ്ട് തന്നെ ഇവ മനുഷ്യനെ ആക്രമിക്കാനുള്ള സാദ്ധ്യത കൂടുതലാണ്.