മണൽവാരൽ കൊണ്ട് ആകെ നശിച്ചു, ഇപ്പോൾ 80 ശതമാനവും തിരികെ പിടിച്ചു, അഭിമാന നേട്ടം
വിഴിഞ്ഞം: വിഴിഞ്ഞത്തെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണകേന്ദ്രം (സി.എം.എഫ്.ആർ.ഐ) അഷ്ടമുടിക്കായലിൽ നടത്തിയ കക്ക സമ്പത്ത് വർദ്ധനവ് പദ്ധതി വിജയത്തിലേക്ക്. 2018ലെ പ്രളയത്തിനുശേഷം അഷ്ടമുടിയിൽ കക്കവിത്തുത്പാദനം ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് കഴിഞ്ഞവർഷം പദ്ധതിക്ക് തുടക്കമിട്ടത്. സി.എം.എഫ്.ആർ.ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.ഗീതാ ശശികുമാറിന്റെ നേതൃത്വത്തിൽ നടത്തിയ ഫീൽഡ് സർവേയിലാണ് കക്കയിനത്തിന്റെ ഉത്പാദനവും വിത്തുകക്കകളും കായലിൽ വ്യാപകമായതായി കണ്ടെത്തിയത്.
ഇനിയുള്ള മാസങ്ങൾ ഇവയുടെ വളർച്ചയ്ക്ക് നിർണായകമായതിനാൽ കക്ക വാരുന്നതിൽ നിരോധനം ഏർപ്പെടുത്തണമെന്ന് സി.എം.എഫ്.ആർ.ഐ നിർദ്ദേശിച്ചിരുന്നു. തുടർന്ന് ഡിസംബർ ഒന്നുമുതൽ ഫെബ്രുവരി 28 വരെ അഷ്ടമുടിക്കായൽ,പരവൂർ കായൽ,ടി.എസ്.കനാലിന്റെ ജില്ലയിൽ ഉൾപ്പെടുന്ന ഭാഗങ്ങളിലടക്കം കക്ക വാരുന്നതും ശേഖരിക്കുന്നതും വില്പന നടത്തുന്നതും കളക്ടർ നിരോധിക്കുകയും ചെയ്തു. മണൽഖനനവും തോടുകളുടെ ശേഖരണവും വിത്തുകക്കകൾ വീണ സ്ഥലങ്ങളിൽ അവ നശിക്കാൻ കാരണമാകുന്നെന്നും അധികൃതർ പറഞ്ഞു.
പദ്ധതി ഇങ്ങനെ
കായലിലെ കക്കസമ്പത്ത് പൂർവ സ്ഥിതിയിലാക്കുന്നതിനും ദീർഘകാല സുസ്ഥിരത ഉറപ്പാക്കുന്നതിനുമാണ് പുനരുജ്ജീവനപദ്ധതി ആവിഷ്‌കരിച്ചത്. വിഴിഞ്ഞം കേന്ദ്രത്തിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.എം.കെ.അനിലിന്റെ മേൽനോട്ടത്തിലാണ് കക്കക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. നിക്ഷേപിച്ചവയിൽ 80 ശതമാനത്തോളം കക്കവിത്തുകൾക്കും അതിജീവന നിരക്ക് ലഭിച്ചെന്നാണ് കണ്ടെത്തൽ. ഷെൽഫിഷ് ഫിഷറീസ് വിഭാഗം നടത്തിയ സർവേയിലാണ് പുരോഗതിയുണ്ടെന്ന് മനസിലായത്.
അഷ്ടമുടിക്കായലിൽ നിക്ഷേപിച്ചത് 30 ലക്ഷം കക്ക വിത്തുകൾ
ഏറ്റവും ചെറിയ വിത്തിന്റെ വലിപ്പം 2.38 മില്ലിമീറ്റർ
പരിശോധന നടത്തിയപ്പോൾ 34 മില്ലിമീറ്റർ