ഓക്സിജൻ മഹാപ്രതിഭാ പുരസ്കാരം
കൊച്ചി: ഇലക്ട്രോണിക്സ് വിപണന ശൃംഖലയായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ടിന്റെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഓക്സിജൻ മഹാ പ്രതിഭാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സാമൂഹ്യസേവനത്തിൽ ദയാഭായി, കായിക രംഗത്ത് അഞ്ജു ബോബി ജോർജ്, സാഹിത്യത്തിൽ കെ.ആർ. മീര, ശാസ്ത്ര സാങ്കേതിക മേഖലയിൽ എം.ജി. യൂണിവേഴ്സിറ്റി മുൻ വി.സി ഡോ. സാബു തോമസ്, സിനിമയിൽ നടനും നിർമ്മാതാവുമായ പ്രേം പ്രകാശ് എന്നിവർക്കാണ് പുരസ്കാരം. 50,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 18ന് വൈകിട്ട് 5.30ന് പാലാരിവട്ടം റിനൈ കൊച്ചിൻ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. 'ചെറിയൊരു മൂലധനവുമായാണ് ഇലക്ട്രോണിക്സ് വിപണന മേഖലയിലേക്ക് കടന്നുവന്നത്. ജനങ്ങൾ നൽകിയ പിന്തുണയാണ് വളർച്ചയ്ക്ക് പിന്നിൽ. 25-ാം വാർഷിക നിറവിൽ നിൽക്കുമ്പോൾ സമൂഹത്തോടുള്ള പ്രതിബദ്ധതയും കേരളജനത നൽകിയ പിന്തുണയ്ക്ക് നന്ദിയും പ്രകടിപ്പിക്കുകയാണ് പ്രഗത്ഭ വ്യക്തികളെ ആദരിക്കുന്നതിലൂടെ." പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് ഓക്സിജൻ ഗ്രൂപ്പ് സി.ഇ.ഒ. ഷിജോ കെ. തോമസ് പറഞ്ഞു. സംവിധായകൻ സിബി മലയിൽ ചെയർമാനും പ്രൊഫ. മാടവന ബാലകൃഷ്ണ പിള്ള, ഡോ. പോൾ മണിലാൽ എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. പുരസ്കാര പ്രഖ്യാപന ചടങ്ങിൽ ഓക്സിജൻ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ജിബിൻ കെ. തോമസും സന്നിഹിതനായിരുന്നു.