വരയിൽ തെളിഞ്ഞു ശ്രീകൃഷ്ണപുരം തന്നെ
ആലത്തൂർ: പാലക്കാട് ജില്ലാ കലോത്സവത്തിൽ ചിത്രരചനാ മത്സരങ്ങളിൽ ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂൾ വെന്നിക്കൊടി പാറിച്ചു. സ്കൂളിലെ ചിത്രകലാ അദ്ധ്യാപകൻ വിബിൻ നാഥ് നേതൃത്വം നൽകുന്ന വരപ്പടയിലെ അംഗങ്ങളാണ് യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ മത്സരങ്ങളിൽ മികച്ച വിജയം വാരിക്കൂട്ടിയത്. കുട്ടികളുടെ കഠിനാധ്വാനവും ചിട്ടയായ പരിശീലനവും ഈ നേട്ടത്തിന് മുതൽക്കൂട്ടായി. വിദ്യാലയത്തിൽ 200 പേർ അംഗങ്ങളായ വരപ്പട ആർട്സ് ക്ലബ്ബ് നിരവധി പരിപാടികളാണ് സ്കൂളിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. ഇമ്മിണി വലിയ ബാല്യം ചിത്ര ക്യാൻവാസ്, രാമായണ ചിത്രകഥാപരമ്പര, നിറവസന്തം അഖില കേരള ചിത്രരചന മത്സരം തുടങ്ങിയവയെല്ലാം വരപ്പട ചിത്രകലാക്ലബ്ബിന്റെ നേതൃ ത്വത്തിൽ നടക്കുന്ന ശ്രദ്ധേയമായ പരിപാടികളാണ്.
ഈ വർഷം ജില്ലാ കലോത്സവത്തിൽ വിജയികളായവർ: എച്ച്.എസ്.എസ് വിഭാഗം: പി.ഹിമ( ജലച്ചായം ഒന്നാം സ്ഥാനം, പെൻസിൽ ഒന്നാം സ്ഥാനം, ഓയിൽ പെയിന്റിംഗ് മൂന്നാംസ്ഥാനം എ ഗ്രേഡ്). എച്ച്.എസ് വിഭാഗം: വി.എം.നിധിൻ(ഓയിൽ പെയിന്റിംഗ് ഒന്നാം സ്ഥാനം, ജലച്ചായം രണ്ടാം സ്ഥാനം, പെൻസിൽ രണ്ടാം സ്ഥാനം എ ഗ്രേഡ്)