കേരളത്തിന് അഭിമാനകരമായ സമുദ്ര പാരമ്പര്യം: രാഷ്ട്രപതി
തിരുവനന്തപുരം: കേരളത്തിന് അഭിമാനകരമായ സമുദ്റപാരമ്പര്യമുണ്ടെന്നും പതിനാറാം നൂറ്റാണ്ടിൽ യൂറോപ്യൻ അധിനിവേശത്തിനെതിരെ പോരാടി ഇവിടത്തെ പോരാളികൾ തീരം സംരക്ഷിച്ചെന്നും രാഷ്ട്രപതി ദ്രൗപതി മുർമ്മു പറഞ്ഞു. പുരാതന തുറമുഖമായ മുസിരിസ്, ലോകവുമായി ഇന്ത്യ ഇടപഴകിയിരുന്ന പ്രധാന കവാടങ്ങളിലൊന്നായിരുന്നു. സമുദ്റാവബോധം നമുക്കു പുതിയ കാര്യമല്ല. ചോള- ചേര കപ്പൽവ്യൂഹങ്ങളിൽനിന്നും ഛത്രപതി ശിവാജി മഹാരാജ് മുതൽ കുഞ്ഞാലി മരക്കാർ വരെയുള്ളവരിൽ നിന്നുമാണ് ഒഴുകിയെത്തുന്നതെന്നും നാവികസേനാ ദിനാഘോഷത്തിൽ മുഖ്യാതിഥിയായെത്തിയ രാഷ്ട്രപതി പറഞ്ഞു.
ഇന്ത്യൻ മഹാസമുദ്റമേഖല തന്ത്റപരവും നിർണായകവുമായ ഇടമാണ്. ആഗോള ഊർജവിതരണത്തിനും വ്യാപാരത്തിനുമുള്ള ഇടനാഴിയാണിത്. ഈ മേഖലയുടെ കേന്ദ്രത്തിലാണ് ഇന്ത്യ സ്ഥിതിചെയ്യുന്നത്. അതിനാൽ നമുക്കും പ്രത്യേക ഉത്തരവാദിത്തമുണ്ട്. സമുദ്റങ്ങൾ തുറന്നതും സ്ഥിരതയുള്ളതും നിയമാധിഷ്ഠിതവുമായി തുടരണമെന്നാണ് നമ്മുടെ നിലപാട്. ഇന്ത്യയുടെ സമീപനം മത്സരാധിഷ്ഠിതമല്ല; മറിച്ച്, സഹകരണപരമാണ്. സംയുക്ത അവബോധം, ശേഷി വർധിപ്പിക്കൽ, സമുദ്റങ്ങളുടെ സമാധാനപരമായ ഉപയോഗം എന്നിവയ്ക്കാണ് നമ്മൾ പ്രാധാന്യം നൽകുന്നത്. ഭീഷണികൾ തടയുന്നതിലും കടൽക്കൊള്ള ചെറുക്കുന്നതിലും പ്രത്യേക സാമ്പത്തിക മേഖല സുരക്ഷിതമാക്കുന്നതിലും സമുദ്റസഞ്ചാരസ്വാതന്ത്റ്യം ഉറപ്പാക്കുന്നതിലുമെല്ലാം നാവികസേനയ്ക്ക് നിർണായക പങ്കുണ്ട്.
നാവികസേന ഇന്ത്യയുടെ മാനുഷികവശത്തിനും ഉദാഹരണമാണ്. പ്രതിസന്ധികളിൽ പൗരന്മാരെ ഒഴിപ്പിക്കുക, സഹായം നൽകുക, മാനുഷിക സഹായം എത്തിക്കുക എന്നിവയിൽ ആദ്യംപ്രതികരിക്കുന്നത് നാവികസേനയാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുകയും സമുദ്റഗവേഷണത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. സങ്കീർണമായ സംവിധാനങ്ങൾ ഇന്ത്യയിൽത്തന്നെ രൂപകൽപ്പനചെയ്യാനും നിർമിക്കാനുമുള്ള ശേഷിയുണ്ടെന്ന് നാവികസേന തെളിയിച്ചു. ഇത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സാങ്കേതിക നവീകരണത്തിനു തുടക്കമിടുകയും ചെയ്യും. നാവികസേന തദ്ദേശീയ സാങ്കേതികവിദ്യകൾ തുടർന്നും വികസിപ്പിക്കും. രാജ്യത്തിനുവേണ്ടി ചെയ്യുന്ന സേവനത്തിന് നാവികസേനയോട് ജനങ്ങൾ കടപ്പെട്ടിരിക്കുന്നു. നിങ്ങളിൽ ഓരോരുത്തരെയും ഓർത്തു ഞങ്ങൾ അഭിമാനിക്കുന്നു. സേനയുടെ പ്രൊഫഷണലിസത്തിനും അഭിനിവേശത്തിനും ദേശസ്‌നേഹത്തിനും ഏവരോടും നന്ദി പറയുന്നു- രാഷ്ട്രപതി പറഞ്ഞു.