പി.എം ശ്രീക്ക് മദ്ധ്യസ്ഥനായത് ജോൺ ബ്രിട്ടാസ്: കേന്ദ്രമന്ത്രി

Thursday 04 December 2025 12:02 AM IST

ന്യൂഡൽഹി: പി.എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പിട്ടത് സി.പി.എം രാജ്യസഭാംഗമായ ജോൺ ബ്രിട്ടാസിന്റെ മധ്യസ്ഥതയിലാണെന്നും കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ അദ്ദേഹം പാലമായി വർത്തിച്ചുവെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ വെളിപ്പെടുത്തൽ.

2018ൽ നിലവിൽ വന്ന സമഗ്രശിക്ഷാ അഭിയാൻ പദ്ധതി പ്രകാരമുള്ള ഫണ്ട് ലഭിക്കാൻ സംസ്ഥാനങ്ങൾ 2022ലെ പിഎം ശ്രീ പദ്ധതി അംഗീകരിക്കണമെന്ന വ്യവസ്ഥ രാജ്യസഭയിൽ ജോൺ ബ്രിട്ടാസുതന്നെ ചോദ്യം ചെയ്‌തപ്പോഴാണ് മന്ത്രിയുടെ മറുപടി.

കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ പാലമായി വർത്തിച്ച ജോൺ ബ്രിട്ടാസിനോട് നന്ദിയുണ്ട്. ഒപ്പിടാൻ സമ്മതമാണെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി തന്നെ അറിയിച്ചിരുന്നു. പിന്നീട് എന്തു സംഭവിച്ചു എന്നറിയില്ല. സംസ്ഥാന സർക്കാരിലെ ആഭ്യന്തര പ്രശ്‌നങ്ങൾ കാരണം നടപ്പാക്കുന്നില്ലെന്ന് അറിയുന്നു. തമിഴ്നാടും പദ്ധതിയോട് സഹകരിക്കാമെന്ന് പറഞ്ഞശേഷം മലക്കം മറിഞ്ഞു. ഇരു സംസ്ഥാനങ്ങളുമായി ചർച്ച തുടരുകയാണെന്നും മന്ത്രി അറിയിച്ചു.

പലതവണ കണ്ടു, പക്ഷേ,

മദ്ധ്യസ്ഥതയല്ല:ബ്രിട്ടാസ്

സംസ്ഥാന വിദ്യാഭ്യാസ മന്ത്രിക്കൊപ്പം പലതവണ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ കണ്ടിട്ടുണ്ടെന്ന് ജോൺ ബ്രിട്ടാസ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ മധ്യസ്ഥത വഹിച്ചിട്ടില്ലെന്നും അവകാശപ്പെട്ടു.

സമഗ്ര ശിക്ഷാ അഭിയാൻ പദ്ധതിയിലെ കേന്ദ്രവിഹിതം കേരളത്തിന് പൂർണമായി ലഭിക്കുന്നില്ലെന്ന് സഭയിൽ ജോൺ ബ്രിട്ടാസ് പറഞ്ഞു. 2022–23 മുതൽ കേരളത്തിന് 1160.52 കോടി രൂപയുടെ കേന്ദ്ര വിഹിതം കുടിശ്ശികയുണ്ട്.

പി.എം ശ്രീ ഒപ്പിട്ടതിനെ എതിർത്ത സി.പി.ഐ നിലപാട് വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.