അമ്മ മർദ്ദനമേറ്റ് മരിച്ചു; മകൻ അറസ്റ്റിൽ

Thursday 04 December 2025 12:04 AM IST

കാലടി: മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. ചെങ്ങമനാട് പുറയാർ ഭാഗത്ത് വാടകയ്‌ക്ക് താമസിക്കുന്ന ചൊവ്വര പാറപ്പുറത്ത് വീട്ടിൽ ബിനുവിനെയാണ് (38) അമ്മ അനിത (58) കൊല്ലപ്പെട്ട കേസിൽ നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 30നാണ് അനിത മരിച്ചത്.വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ അലക്ക് കല്ലിന് സമീപം കുഴഞ്ഞുവീണ നിലയിലാണ് അമ്മയെ കണ്ടതെന്നും, ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചെന്നുമാണ് മകൻ പൊലീസിനോട് ആദ്യം പറഞ്ഞത്. തുടർന്ന് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.പോസ്റ്റ്‌മോർട്ടത്തിൽ തലയ്‌ക്കും ശരീരത്തിനും ഗുരുതര ക്ഷതമേറ്റതിനെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്ന് കണ്ടെത്തി. തുടർന്ന് ബിനുവിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.

ബിനുവും അമ്മയും ഇവിടെ താമസം തുടങ്ങിയിട്ട് ഏതാനും നാളുകളേ ആയിട്ടുള്ളൂ. അയൽവാസികളുമായി ബന്ധമില്ലായിരുന്നു.അനിത 22 വർഷമായി ഇടുക്കി ചെങ്കളത്തുള്ള ഒരു മെഴ്‌സി ഹോമിൽ കഴിഞ്ഞു വരുകയായിരുന്നു. ഭർത്താവ് രാജൻ അകന്നു കഴിയുകയാണ്. സെപ്തംബറിൽ ചൊവ്വരയിലുള്ള വാടക വീട്ടിലേക്ക് അനിതയെ ബിനു കൂട്ടിക്കൊണ്ടു വരുകയും, ഒന്നര ഏക്കർ ഭൂമി കൈക്കലാക്കണമെന്ന ഉദ്ദേശ്യത്തോടെ മർദ്ദിക്കുകയുമായിരുന്നു. സംഭവത്തിൽ ബിനുവിന്റെ ഭാര്യയുടെ പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.