ജനുവരിയിൽ പുതിയ രാഷ്ട്രീയകഥ പ്രസിദ്ധീകരിക്കും: ടി. പത്മനാഭൻ

Thursday 04 December 2025 12:06 AM IST

പയ്യന്നൂർ: 96ാം വയസിലും താൻ എഴുതിപ്പോവുകയാണെന്നും അല്ലാതെ ബോധപൂർവം എഴുതുകയല്ലെന്നും കഥാകൃത്ത് ടി. പത്മനാഭൻ. ജനുവരിയിൽ ഒരു ആഴ്ചപ്പതിപ്പിൽ 'സത്യം ആർക്കറിയാം' എന്ന തലക്കെട്ടിൽ തന്റെ പുതിയ രാഷ്ട്രീയകഥ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇന്നത്തെ ഇന്ത്യയിലെ രാഷ്ട്രീയാന്തരീക്ഷത്തിൽ, ഗാസയിലെ കുട്ടികളുടെ ദുരവസ്ഥയുടെ തുടർച്ചയായിരിക്കും കഥയിൽ കാണുക. അതുകൊണ്ട് ഞാൻ അറസ്റ്റു ചെയ്യപ്പെട്ടേക്കാം. എന്നാലും എഴുതാതിരിക്കാൻ വയ്യ എന്നതുകൊണ്ടാണ് എഴുതിയതെന്നും വ്യക്തമാക്കി.

പെരിങ്ങോം പോത്താങ്കണ്ടം ആനന്ദഭവനത്തിൽ സ്വാമി കൃഷ്ണാനന്ദ ഭാരതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 96ാം പിറന്നാളാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 96 മൺചിരാതുകൾ തെളിച്ചായിരുന്നു ആഘോഷം.

ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കഥാകാരനാണ് താനെന്നും പത്മനാഭൻ പറഞ്ഞു. എന്നാൽ, ഇതുവരെ പണത്തിനു വേണ്ടി എഴുതിയിട്ടില്ല. ഇനി എഴുതുകയുമില്ല. എഴുത്തിൽ പരമാവധി സത്യസന്ധത പുലർത്തണം. അറിയാതെ പോലും അതിൽ കളവ് കലരരുത് എന്ന നിർബന്ധമുണ്ട്. അതുകൊണ്ടാണ് ആത്മകഥ എഴുതാത്തതെന്നും വ്യക്തമാക്കി.

എം.സ്വരാജ്, ഋഷിരാജ് സിംഗ്, രാജു നാരായണസ്വാമി, ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, സംവിധായകൻ ജയരാജ്, ടി.ഐ.മധുസൂദനൻ എം.എൽ.എ, മുഹമ്മദ് അനീസ് എന്നിവർ സംസാരിച്ചു. ചെറുതാഴം ചന്ദ്രനും സംഘവും അവതരിപ്പിച്ച ചെണ്ടമേളം, കുറിച്ചി നടേശന്റെയും സംഘത്തിന്റെയും അർജുനനൃത്തം, പയ്യന്നൂരിലെ ടി.എം.പ്രേംനാഥിന്റെ മയൂരനൃത്തം, തൃശൂർ കലാകൈരളിയുടെ കുമ്മാട്ടി എന്നിവ അരങ്ങേറി.

കേക്ക് മുറിക്കലിനുശേഷം പിറന്നാൾ സദ്യയുമുണ്ടായിരുന്നു. പിറന്നാൾ സമ്മാനമായി സ്വാമി കൃഷ്ണാനന്ദ ഭാരതി പത്മനാഭന് പളുങ്കുമാല നൽകി.