വഴിയോരക്കച്ചവടം ഒഴിപ്പിക്കൽ: മുൻകൂർ നോട്ടീസ് നൽകണം
കൊച്ചി: വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിന് മുമ്പ് നോട്ടീസ് നൽകണമെന്ന് ഹൈക്കോടതി. മുൻകൂർ നോട്ടീസ് നൽകാതെ തലശേരി മുനിസിപ്പാലിറ്റി ഒഴിപ്പിച്ച വഴിയോരക്കച്ചവടക്കാരെ തുടരാൻ അനുവദിക്കണമെന്ന ഇടക്കാല ഉത്തരവിലാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് ഇക്കാര്യം വ്യക്തമാക്കിയത്.
തലശേരി എം.ജി റോഡ് വെൻഡിംഗ് സോണിൽ നിന്ന് നോട്ടീസ് നൽകാതെ ഒഴിപ്പിച്ചതിനെതിരെ വഴിയോരക്കച്ചവടക്കാർ നൽകിയ ഹർജിയിലാണ് ഉത്തരവ്. വഴിയോരക്കച്ചവട നിയമപ്രകാരം ലൈസൻസുള്ളവരായിരുന്നു ഹർജിക്കാർ. വെൻഡിംഗ് കമ്മിറ്റി തീരുമാനത്തിന്റെ തുടർച്ചയായിട്ടാണ് ഒഴിപ്പിക്കൽ നടന്നതെന്നായിരുന്നു മുനിസിപ്പാലിറ്റിയുടെ വാദം. എന്നാൽ ഇതിന്റെ രേഖ ഹാജരാക്കാനായില്ല.
പ്രഥമദൃഷ്ട്യാ നിയമലംഘനമുണ്ടെന്ന് വിലയിരുത്തിയാണ് വഴിയോരക്കച്ചവടം തുടരാൻ അനുമതി നൽകിയത്. എന്നാൽ, നിയമപ്രകാരം നോട്ടീസ് നൽകി തുടർനടപടി സ്വീകരിക്കുന്നതിന് തടസമില്ലെന്നും കോടതി പറഞ്ഞു.