ഹയർ സെക്കൻഡറി അദ്ധ്യാപക സ്ഥലമാറ്റം(ഡെക്ക്) ജൂനിയർ-സീനിയർ വ്യത്യാസം വേണ്ട കരട് ചർച്ചയിൽ നിർണായക ശുപാർശകൾ
തിരുവനന്തപുരം: ഹയർ സെക്കൻഡറി അദ്ധ്യാപക പൊതുസ്ഥലം മാറ്റത്തിന് ലഭ്യമായ ഒഴിവുകളിൽ ജൂനിയർ, സീനിയർ വ്യത്യാസമില്ലാതെ മൂന്നുവർഷം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാൻ അവസരം ഒരുങ്ങുന്നു. അദ്ധ്യാപക സംഘടനകളായ കെ.എസ്.ടി.എ, എച്ച്.എസ്.എസ്.ടി.എ, എ.കെ.എസ്.ടി.യു, കെ.എസ്.ടി.യു, എൻ.ടി.യു, കെ.എസ്.ടി.എഫ് എന്നിവയുടെ പ്രതിനിധികളുമായി പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. വാസുകിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചർച്ചയിലാണ് ഈ നിർദ്ദേശം ഉയർന്നുവന്നത്. ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാർക്ക് മാതൃജില്ലയിൽനിന്ന് മറ്റു ജില്ലകളിലേക്ക് മാറാനുള്ള സർവീസ് കാലാവധി അഞ്ചു വർഷമായി നിജപ്പെടുത്തി. നിലവിൽ പ്രിൻസിപ്പൽ സ്ഥലം മാറ്റത്തിന് നിശ്ചിത സർവീസ് കാലാവധിയുണ്ടായിരുന്നില്ല. ശുപാർശകളിന്മേൽ ചർച്ച ചെയ്യാൻ വീണ്ടും യോഗം ചേരും.
അംഗീകരിച്ച ശുപാർശകൾ
പ്രിൻസിപ്പൽമാർക്ക് ഒരു സ്കൂളിൽ മൂന്നുവർഷം വരെ ജോലി ചെയ്യാം
പ്രിൻസിപ്പൽ തസ്തികയിൽ ഒരു വർഷം റെഗുലർ സർവീസ് ഉള്ളവർക്കേ അപേക്ഷിക്കാൻ സാധിക്കൂവെന്ന നിർദ്ദേശത്തിൽ മാറ്റംവരുത്തി, എല്ലാവർക്കും അപേക്ഷിക്കാമെന്ന ഭേദഗതിക്ക് ധാരണയായി.
ഹോം സ്റ്റേഷനിൽനിന്ന് 50 കിലോമീറ്ററിന് മുകളിൽ വെയിറ്റേജ് ലഭിക്കും.
പ്രിൻസിപ്പൽമാരുടെ മലയോര, വിദൂര സ്ഥലങ്ങളിലെ ഒരു വർഷത്തെ സേവനം ഒന്നര വർഷമായി പരിഗണിക്കും. അദ്ധ്യാപകരുടെ രണ്ടുവർഷത്തെ സേവനം മൂന്നുവർഷമായി പരിഗണിക്കും. ആകെ സർവീസ് കണക്കാക്കിയാവും വെയിറ്റേജ്.
പ്രിൻസിപ്പൽ മൂന്നു വർഷം
പ്രിൻസിപ്പൽമാരുടെ സേവനം ഏത് സ്കൂളിൽ ആയാലും മൂന്നുവർഷം മതിയെന്ന ആവശ്യം അദ്ധ്യാപക സംഘടനകൾ ഉന്നയിച്ചു. നിലവിൽ സർവീസ് കാലയളവിന് പരിധിയില്ല. ജില്ലയിൽ മറ്റു സ്കൂളുകളിലേക്ക് മാറ്റുന്നതിനും പരിധിയില്ല. ഇതും അടുത്ത യോഗത്തിൽ പരിഗണിക്കും.