മസാല ബോണ്ട്: ഇ.ഡിയിൽ വിശ്വാസമില്ലെന്ന് ചെന്നിത്തല

Thursday 04 December 2025 3:20 AM IST

തൃശൂർ: കിഫ്ബി മസാലബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട കേസിലെ ഇ.ഡി അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തൃശൂർ പ്രസ് ക്ലബിന്റെ വോട്ട് വൈബിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.ഡി നടപടി സി.പി.എമ്മിനെ സഹായിക്കാനാണ്. മസലാ ബോണ്ട് വില്പന അഴിമതിയാണ്. കിഫ്ബിയുടെ വ്യവസായ ഇടനാഴിയുടെ പേരിൽ ഭൂമിക്കച്ചവടമാണ് നടന്നത്. ഇക്കാര്യം റവന്യു വകുപ്പ് അറിഞ്ഞോ എന്നതിൽ വ്യക്തതയില്ല. സി.പി.എം - ബി.ജെ.പി അന്തർധാര സജീവമാണ്. അതുകൊണ്ടാണ് ഇ.ഡി നോട്ടീസയച്ച പല കേസുകളും ആവിയായത്.

ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് നടപടിയെടുത്തു. സമാനമായ കേസുള്ള എം.എൽ.എമാരെ പാർലമെന്റ് സീറ്റ് നൽകി ആദരിക്കുകയാണ് സി.പി.എം. ശബരിമല സ്വർണപ്പാളി കേസിൽ കോടതിയുടെ നിയന്ത്രണത്തിലുള്ള എസ്.ഐ.ടി വന്നില്ലായിരുന്നെങ്കിൽ തട്ടിപ്പ് പുറത്തുവരില്ലായിരുന്നു. കൊള്ളക്ക് നേതൃത്വം നൽകിയ നേതാക്കൾക്കെതിരെ സി.പി.എം നടപടിയെടുക്കുന്നില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.