യു.പി.എസ്.സി:സഹായിയെ മാറ്റാൻ ഭിന്നശേഷിക്കാർക്ക് ആവശ്യപ്പെടാം

Thursday 04 December 2025 1:21 AM IST

ന്യൂഡൽഹി: യു.പി.എസ്.സി പരീക്ഷയെഴുതുന്ന ഭിന്നശേഷിക്കാർക്ക് ആശ്വാസമായി സുപ്രീംകോടതി വിധി. പരീക്ഷ നിശ്ചയിച്ചിരിക്കുന്നതിന്റെ 7 ദിവസത്തിന് മുൻപ് സഹായിയെ മാറ്റാൻ ഭിന്നശേഷിക്കാർക്ക് ആവശ്യപ്പെടാം. ആ അഭ്യർത്ഥനയിൽ അധികൃതർ അനുകൂല നിലപാടെടുക്കണം. പരീക്ഷകളിൽ കാഴ്ചാവൈകല്യമുള്ളവർക്കായി സ്ക്രീൻ റീഡർ സോഫ്റ്റ്‌വെയർ ഉപയോഗിക്കേണ്ടതുണ്ട്. ഇതിനായി 2 മാസത്തിനകം പദ്ധതി തയ്യാറാക്കി കോടതിക്ക് കൈമാറണമെന്നും ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് യു.പി.എസ്.സിക്ക് നിർദ്ദേശം നൽകി. ലോക ഭിന്നശേഷി ദിനമായ ഇന്നലെയാണ് വിധി . ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന 'മിഷൻ ആക്‌സസിബിലിറ്റി' എന്ന സന്നദ്ധസംഘടന സമ‌ർപ്പിച്ച ഹർജിയിലാണ് ഇടപെടൽ.