വയനാട്: ബാക്കി ഫണ്ട് ആദ്യ ഗഡു വിനിയോഗ ശേഷം
ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രം ആർ.ആർ. ഫണ്ട് ഇനത്തിൽ 260.56 കോടി അനുവദിച്ചെന്നും ഇതിൽ കേരളത്തിന് കൈമാറിയ 78.17 കോടിയുടെ വിനിയോഗ സർട്ടിഫിക്കറ്റ് ഹാജരാക്കിയാലേ ബാക്കി ലഭിക്കൂ എന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി രാജ്യസഭയിൽ വ്യക്തമാക്കി. ജോൺ ബ്രിട്ടാസ് എം.പിയുടെ ചോദ്യത്തിനു രേഖാമൂലം നൽകിയ മറുപടിയാണിത്.
വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ കേരളത്തിന് 581.74 കോടി രൂപയാണ് അനുവദിച്ചത്. പുനരുദ്ധാരണ പ്രവൃത്തിക്കായി(ആർ.ആർ ഫണ്ട്) 260.56 കോടിയും എസ്.എ.എസ്.സി പ്രകാരം അധിക സഹായമായി 249.18 കോടിയും എൻ.എൽ.ആർ.എം.പി ഫണ്ട് പ്രകാരം 72 കോടി രൂപയുമാണ് അനുവദിച്ചത്.
പുനഃരുദ്ധാരണ ഫണ്ട് 30%,40%, 30% ഗഡുക്കളായാണ് നൽകുക. ഇതിൽ ആദ്യ ഗഡുവായ 78.17 കോടി(30%) ഒക്‌ടോബർ 10ന് കേരളത്തിന് കൈമാറി. ബാക്കി ഗഡു ലഭിക്കാൻ ആദ്യ ഗഡുവിന്റെ 75% വിനിയോഗിച്ചതായുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും മന്ത്രി അറിയിച്ചു.