കേന്ദ്ര സഹ.നിയമത്തിനെതിരെ കേരളം സുപ്രീം കോടതിയിൽ #ബൈലോയുടെ കരട്  നിരാകരിച്ച് മറുപടി നൽകി #സംസ്ഥാന അധികാരത്തിൽ കടന്നുകയറാനുള്ള നീക്കമെന്ന്

Thursday 04 December 2025 12:29 AM IST

തിരുവനന്തപുരം: സഹകരണ സംഘങ്ങളെ കേന്ദ്രത്തിന്റെ വരുതിയിൽ കൊണ്ടുവരാനുള്ള ദേശീയ സഹകരണ നയം ചോദ്യം ചെയ്ത് കേരളം സുപ്രീം കോടതിയെ സമീപിച്ചു. നയം സ്വീകാര്യമല്ലെന്നും സംസ്ഥാനങ്ങളുടെ അധികാര പരിധിയിലേക്കുള്ള കടന്നുകയറ്റമാണെന്ന് കേന്ദ്രത്തിന് മറുപടി നൽകിയതിനൊപ്പമാണ് നിയമയുദ്ധത്തിനും തുടക്കം കുറിക്കുന്നത്. കരട് ബൈലോയിൽ കേന്ദ്രം സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയിരുന്നു.

'സഹകരണം' സംസ്ഥാന അധികാര പരിധിയിലായതിനാൽ കേന്ദ്രത്തിന് ഇടപെടാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. കാർഷിക വായ്പാ സഹകരണ സംഘങ്ങളുടെ വിവരം ദേശീയ സഹകരണ ഡേറ്റാ ബേസുമായി ബന്ധിപ്പിക്കാനും ഏകീകൃത സോഫ്റ്റ്‌വെയറിനു കീഴിൽ കൊണ്ടുവരാനുമാണ് കരടിൽ നിർദേശിക്കുന്നത്. കേന്ദ്രം നിർദ്ദേശിക്കുന്ന ബൈലോ നടപ്പിലാക്കിയാൽ സഹകരണ സംഘങ്ങളുടെ പ്രാദേശിക സ്വഭാവവും സ്വയംഭരണ അവകാശവും നഷ്ടമാകുമെന്നാണ് സംസ്ഥാന സർക്കാരിന്റെ അഭിപ്രായം. ബൈലോ അംഗീകരിക്കുന്ന സംസ്ഥാനങ്ങൾക്കായി 26,000 കോടിരൂപയാണ് കേന്ദ്രസർക്കാർ നീക്കിവച്ചിട്ടുള്ളത്. നയം സ്വീകരിച്ചില്ലെങ്കിൽ പദ്ധതി വിഹിതം ലഭിക്കില്ലെന്ന ആശങ്കയുമുണ്ട്.

കേരളത്തിൽ നിക്ഷേപം

2.78 ലക്ഷം കോടി

# കേരളത്തിൽ 18,136 സഹകരണ സംഘങ്ങൾ. മൊത്തം നിക്ഷേപം 2.78 ലക്ഷം കോടി.

# നിക്ഷേപകരുടെ വ്യക്തിഗത വിവരങ്ങൾ (കെ.വൈ.സി) നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും കേന്ദ്രത്തോട് ഇളവ് തേടിയിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് പുതിയ നിയമം വരുന്നത്.

കേന്ദ്ര പദ്ധതികളുടെ

ഏജൻസിയാക്കാൻ

#രാജ്യത്തെ എല്ലാ കാർഷിക വായ്പാ സഹകരണ സംഘങ്ങൾക്കും ഏകീകൃത ബൈലോയും സോഫ്റ്റ്്‌വെയറും കൊണ്ടുവന്ന് ഡാറ്റാ ബേസ് രൂപീകരിക്കുമെന്ന് ബൈലോയുടെ കരടിൽ പറയുന്നു. #കേരളം അടക്കം സംസ്ഥാനങ്ങളിലെ കാർഷിക വായ്പാ സംഘങ്ങളിൽ 45 ശതമാനവും നഷ്ടത്തിലായതിനാൽ ലാഭത്തിലെത്തിക്കാൻ പ്രവർത്തനം വിപുലീകരിക്കണം #കേന്ദ്ര പദ്ധതികളുടെ പ്രാദേശിക നിർവഹണ ഏജൻസിയായി പ്രാഥമിക സഹകരണസംഘങ്ങളെ മാറ്റും. കേന്ദ്രം നിർദേശിക്കുന്ന രീതിയിൽ ബൈലോ മാറ്റണം # പാസ്‌പോർട്ട്, ആധാർ സേവനങ്ങളടക്കം 150 ഇ- സേവനങ്ങൾ സഹ.സംഘങ്ങളിലൂടെ നൽകാൻ കേന്ദ്രത്തിന്റെ ഏകീകൃത സോഫ്റ്റ്‌വെയറിന്റെ ഭാഗമാകണം # എല്ലാ ജില്ലയിലും ഒരു മാതൃകാ സഹകരണ ഗ്രാമം വേണം

``രാജ്യത്തെ സഹകരണ മേഖലയിലെ 71 ശതമാനം നിക്ഷേപം കേരളത്തിൽ നിന്നാണ്. ഡാറ്റാ ബേസും സോഫ്റ്റ്‌വെയറും സംസ്ഥാനം രൂപീകരിക്കുന്നുണ്ട്. ഭരണഘടനാ വിരുദ്ധമായി സംസ്ഥാനങ്ങളുടെ അധികാര പരിധിയിലേക്കുള്ള കടന്നു കയറ്റമാണ്.``

വി.എൻ വാസവൻ,

സഹ.വകുപ്പ് മന്ത്രി

-