ഐ.എഫ്.എഫ്.കെ: യൂസഫ് ഷഹീനിന്റെ 3 ചിത്രങ്ങൾ
തിരുവനന്തപുരം: 12 മുതൽ 19വരെ തിരുവനന്തപുരത്ത് നടക്കുന്ന 30ാമത് ഐ.എഫ്.എഫ്.കെയിൽ വിഖ്യാത ഈജിപ്ഷ്യൻ സംവിധായകൻ യൂസഫ് ഷഹീനിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച മൂന്നു ചിത്രങ്ങൾ പ്രദർശിപ്പിക്കും. കെയ്‌റോ സ്റ്റേഷൻ (1958), അലക്സാൺഡ്രിയ എഗൈൻ ആന്റ് ഫോർ എവർ (1989), ദ അദർ (1999) എന്നീ ചിത്രങ്ങളാണ് റെട്രോസ്‌പെക്ടീവ് വിഭാഗത്തിൽ പ്രദർശിപ്പിക്കുക.
ആയുഷ്‌കാല സംഭാവനയ്ക്കുള്ള കാൻ ചലച്ചിത്രമേളയുടെ 50ാമത് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് നേടിയ യൂസഫ് 1950കൾ മുതൽ 2008ൽ 82ാം വയസിൽ മരിക്കുന്നതു വരെ ഈജിപ്ഷ്യൻ സിനിമയിൽ സജീവമായിരുന്നു.
കണ്ടമ്പററി ഫിലിംമേക്കർ ഇൻ ഫോക്കസ് വിഭാഗത്തിൽ ഇന്തോനേഷ്യൻ സംവിധായകൻ ഗരിൻ നുഗ്രോഹോയുടെ അഞ്ച് ചിത്രങ്ങൾ പ്രദർശിപ്പിക്കും. 'ബേഡ് മാൻ ടെയ്ൽ', 'എ പോയറ്റ്: അൺകൺസീൽഡ് പോയട്രി', 'സംസാര', 'വിസ്‌പേഴ്സ് ഇൻ ദ ഡബ്ബാസ്', 'ലെറ്റർ റ്റു ആൻ ഏയ്ഞ്ചൽ' എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.