ഏത് കോഴ്‌സെടുത്താലും സംരംഭകരാകാം
ലോകത്താകമാനം സംരംഭകത്വത്തിന് സാദ്ധ്യതയേറുകയാണ്. പുതിയ ബിസിനസ് ഉരുത്തിരിച്ചെടുക്കുന്നയാളാണ് സംരംഭകൻ.
ഇത് ഉല്പാദന, സേവന, ട്രേഡിംഗ് മേഖലകളിലാകാം. സംരംഭകൻ ഇന്നവേറ്ററും പുത്തൻ ആശയങ്ങളുമുള്ള വ്യക്തിയായിരിക്കണം. വിദ്യാർത്ഥികൾ ക്യാമ്പസിൽവച്ചുതന്നെ സംരംഭകരാകുന്ന സ്റ്റാർട്ടപ്പുകൾ രാജ്യത്താകമാനം വിപുലപ്പെട്ടു വരുന്ന പ്രവണത ശുഭസൂചനയാണ്.
സ്കിൽ ഡെവലപ്മെന്റ്
പഠനത്തോടൊപ്പം നൈപുണ്യശേഷി വളർത്തിയെടുക്കുക എന്നത് സംരംഭകത്വത്തിൽ പ്രധാനപ്പെട്ടതാണ്. ഇന്നവേഷൻ, ക്രിയേറ്റിവിറ്റി, ആശയവിനിമയം, സഹകരണം, തീരുമാനമെടുക്കൽ, റിസ്‌ക്, വിവേക ബുദ്ധി സാഹചര്യത്തിനനുസരിച്ച് മാറാനുള്ള ശേഷി എന്നിവ കൈവരിയ്ക്കണം. പുത്തൻ ആശയം സംരംഭകനാവശ്യമാണ്. സംരംഭങ്ങളിൽ പലതും പരാജയപ്പടാറുണ്ട്. ഫോർച്യൂൺ 500 കമ്പനികളിൽപോലും ഇത് പ്രകടമാണ്. പരാജയപ്പെട്ടാലും തളരാതെ മുന്നോട്ടു പോകുമെന്ന ഉറച്ച മാനസികസ്ഥിതി അത്യന്താപേക്ഷിതമാണ്. നേതൃത്വപാടവം, നടത്തിപ്പ്, സമയക്രമം, പ്രതിബന്ധത എന്നിവ അത്യന്താപേക്ഷിതമാണ്.
ഭാവിയിൽ സംരംഭകനാകാനാഗ്രഹിക്കുന്ന വിദ്യാർത്ഥി സ്‌കൂൾതലം തൊട്ടുതന്നെ സംരംഭക സ്‌ക്കില്ലുകൾ വളർത്തിയെടുക്കാൻ ശ്രമിക്കണം. പുത്തൻ ആശയത്തോടൊപ്പം സാങ്കേതിക വിദ്യ, പ്രാവർത്തികത, സാമൂഹിക അംഗീകാരം എന്നിവ വിലയിരുത്തണം. സംരംഭകത്വം എന്നത് ഹ്രസ്വദൂര ഓട്ടമത്സരമല്ല മാരത്തോണാണെന്ന് മനസ്സിലാക്കണം. സാമൂഹിക അംഗീകാരം, നൈപുണ്യശേഷി, സാമ്പത്തിക സ്രോതസ് എന്നിവ ഇതിന് അത്യന്താപേക്ഷിതമാണ്. മനസ്സിലുള്ള ആശയത്തെ ഉല്പന്നമോ/സേവനമോ ആക്കി മാറ്റാൻ ഇൻകുബേഷൻ കേന്ദ്രങ്ങളാവശ്യമാണ്. താത്പര്യം മാത്രം പോര, പുത്തൻ ആശയങ്ങളാണാവശ്യം. ഒറ്റയ്ക്ക് സംരംഭകനാകാമെങ്കിലും താത്പര്യമുള്ളവരെ കോഫൗണ്ടർമാരാക്കുന്നതും പരിഗണിക്കാവുന്നതാണ്.