കേരളത്തിലെ ഈ വിമാനത്താവളവും പട്ടികയില്‍; ആകെ ചെലവാക്കാന്‍ പോകുന്നത് 1.25 ലക്ഷം കോടി

Wednesday 03 December 2025 11:59 PM IST

തിരുവനന്തപുരം: രാജ്യത്തെ വിവിധ വിമാനത്താവളങ്ങളുടെ വികസനത്തിനായി 1.25 ലക്ഷം കോടി രൂപ വകയിരുത്തി. അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള വിമാനത്താവളങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനാണ് തുക ചെലവഴിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വിമാനത്താവളങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കുകയെന്നതാണ് പ്രധാന ലക്ഷ്യം. ഗ്രൂപ്പിന്റെ വിമാനത്താവള യൂണിറ്റായ അദാനി എയര്‍പോര്‍ട്ട്സിന്റെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് മുന്നോടിയായാണ് വികസന പദ്ധതിക്ക് രൂപം നല്‍കുന്നത്.

വര്‍ഷം 2030 ആകുമ്പോള്‍ ഇന്ത്യയുടെ വ്യോമഗതാഗതം പ്രതിവര്‍ഷം 30 കോടി എന്ന കണക്കിലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍. ഇത് മുന്നില്‍ക്കണ്ടാണ് വമ്പന്‍ തുക നിക്ഷേപിക്കാന്‍ അദാനി ഗ്രൂപ്പ് തയ്യാറെടുക്കുന്നത്. പ്രതിവര്‍ഷം 20 കോടി യാത്രക്കാര്‍ എന്ന കണക്കില്‍ തങ്ങളുടെ വിമാനത്താവളങ്ങളില്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും. നവി മുംബയ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനലുകള്‍, ടാക്സി വേകള്‍, ഒരു പുതിയ റണ്‍വേ എന്നിവ കൂട്ടിച്ചേര്‍ക്കുന്നതിനും പദ്ധതിയുണ്ട്.

നവി മുംബയ് വിമാനത്താവളത്തിന് പുറമേ, അഹമ്മദാബാദ്, ജയ്പൂര്‍, തിരുവനന്തപുരം, ലക്നൗ, ഗുവാഹത്തി എന്നീ വിമാനത്താവളങ്ങളിലും ശേഷി വര്‍ദ്ധിപ്പിക്കാനുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവള ഓപ്പറേറ്റര്‍മാരില്‍ ഒന്നാണ് അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ്. ഈ വിപുലീകരണത്തിലൂടെ രാജ്യത്തെ വ്യോമഗതാഗത വളര്‍ച്ചയുടെ പ്രധാന പങ്കാളിയായി മാറാനും, ഭാവിയില്‍ കൂടുതല്‍ വിമാനത്താവളങ്ങളുടെ സ്വകാര്യവല്‍ക്കരണത്തില്‍ മുന്‍നിരയില്‍ എത്താനുമാണ് അദാനി ഗ്രൂപ്പിന്റെ നീക്കം.