75,000 രൂപയുമായി മുങ്ങിയ പ്രതി പിടിയിൽ

Thursday 04 December 2025 12:09 AM IST

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ഹോം നഴ്‌സായെത്തി വീട്ടിൽ നിന്ന് എ.ടി.എം കാർഡ് കവർന്ന് പണം അപഹരിച്ച പ്രതി പിടിയിൽ. തിരുവല്ല മേൽപ്ര കൈതവന കിഴക്കതിൽ അജീഷിനെയാണ് (39) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നീലേശ്വരത്ത് രോഗബാധിതനായ ആളെ ശുശ്രൂഷിക്കാനെത്തിയതായിരുന്നു അജീഷ്. ഗൃഹനാഥന്റെ എ.ടി.എം കാർഡ് കൈക്കലാക്കി, പിൻ നമ്പർ മനസിലാക്കുകയും അതുപയോഗിച്ച് 75,000 രൂപ എടുത്ത ശേഷം ഇവിടെ നിന്ന് മുങ്ങുകയുമായിരുന്നു. വീട്ടുകാരുടെ പരാതിയെ തുടർന്ന് കൊട്ടാരക്കര സ്റ്റേഷനിലെ എസ്‌.ഐമാരായ അഭിലാഷ്, പങ്കജ് കൃഷ്ണ, ആതിര, സി.പി.ഒമാരായ സഹിൽ, അൻസാബ്, പ്രകാശ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. മറ്റ് സ്റ്റേഷനുകളിലും അജീഷിനെതിരെ കേസുകളുണ്ട്.