പുരസ്കാരം ഏറ്റുവാങ്ങി
Thursday 04 December 2025 12:15 AM IST
ഓച്ചിറ: കേന്ദ്ര സർക്കാർ ഭിന്നശേഷി കുട്ടികൾക്ക് നൽകുന്ന പരമോന്നത ബഹുമതിയായ ശ്രേഷ്ഠ ദിവ്യാംഗ് ബാലക് പുരസ്കാരം ഓച്ചിറ പ്രയാർ വടക്ക് എസ്.എസ് മൻസിൽ മുഹമ്മദ് യാസിൻ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് ഏറ്റുവാങ്ങി. അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ സംഘടിപ്പിച്ച ചടങ്ങിലാണ് അവാർഡ് ഏറ്റുവാങ്ങിയത്. പിതാവ് ഷാനവാസ്, മാതാവ് ഷൈല, സഹോദരൻ അൽ അമീൻ എന്നിവർക്കൊപ്പം ഡൽഹിയിലെത്തിയ മുഹമ്മദ് യാസിന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഔദ്യോഗിക വസതിയിൽ പ്രഭാത വിരുന്നൊരുക്കിയിരുന്നു. കീബോർഡ് കലാകാരനായ യാസിൻ പ്രയാർ ആർ.വി.എം.എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വലബാല്യം പുരസ്കാരവും ലഭിച്ചിട്ടുണ്ട്.