'കുഞ്ഞിളം കയ്യിൽ മണ്ണ് പറ്റട്ടെ" പൊന്ന് വിളയിച്ച് കുട്ടി കൃഷിത്തോട്ടം

Thursday 04 December 2025 12:19 AM IST

കൊല്ലം: പള്ളിമൺ സിദ്ധാർത്ഥയിലെ നഴ്സറി കുരുന്നുകളുടെ പച്ചക്കറിത്തോട്ടത്തിൽ അതിശയിപ്പിക്കുന്ന വിളവെടുപ്പ്.

പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂളിൽ കുട്ടികൾക്ക് പാഠ്യ വിഷയങ്ങൾക്കൊപ്പം കൃഷിയും തേനീച്ച വളർത്തലും മഷ്റൂം കൾട്ടിവേഷനും പരിശീലിക്കുന്നുണ്ട്. പോളി ഹൗസുകളും അക്വാ ഫാമിംഗും ഇവിടെയുണ്ട്. താറാവ്, കോഴി, മത്സ്യം തുടങ്ങിയ ജീവിവർഗങ്ങളും പരിപാലിക്കുന്നതിൽ കുട്ടികൾക്ക് പഠനത്തോടൊപ്പം തന്നെ താല്പര്യമുണ്ട്. ഒന്നരമാസം മുമ്പാണ് 'കുഞ്ഞിക്കൈകളിൽ മണ്ണു പറ്റട്ടെ" എന്ന സന്ദേശവുമായി നഴ്സറി കുഞ്ഞുങ്ങളും മുതിർന്നവർക്കൊപ്പം കൃഷിയിടങ്ങളിലേക്ക് ഇറങ്ങിയത്. അദ്ധ്യാപകരും അമ്മമാരും ആന്റിമാരും ഒപ്പം കൂടി. കുരുന്ന കൈകൾ കൊണ്ട് അവർ തക്കാളിയും വഴുതനയും വെണ്ടയും ചീരയും ഒക്കെ നട്ടു. പഠനത്തിന്റെ ഇടവേളകളിൽ വെള്ളമൊഴിക്കുകയും വളർച്ച പരിശോധിക്കുകയും ചെയ്തു. ഒടുവിൽ കഴിഞ്ഞദിവസം നഴ്സറി എച്ച്.എം പ്രിയയുടെ നേതൃത്വത്തിൽ വിളവെടുപ്പ് മഹോത്സവം നടന്നു. പച്ചക്കറികൾ കുട്ടിക്കർഷകർക്ക് തന്നെ വിതരണം ചെയ്തു. 240 ഗ്രോ ബാഗുകളിലാണ് കുട്ടികൾ കൃഷി ചെയ്തത്. തൊഴിൽ നേടാനല്ല തൊഴിൽ നൽകാൻ കഴിവുള്ള സംരംഭകരാകാനാണ് ഇതിലൂടെ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതെന്ന് മാനേജർ സുരേഷ് സിദ്ധാർത്ഥ പറഞ്ഞു. പ്രിൻസിപ്പൽ വി.എൽ.രോഹിണി, വൈസ് പ്രിൻസിപ്പൽ ലിനി കപൂർ എന്നിവരും ഒപ്പമുണ്ടായിരുന്നു.