തദ്ദേശ തിരഞ്ഞെടുപ്പ് : ഇ.വി.എം കമ്മിഷനിംഗ് ആരംഭിച്ചു

Thursday 04 December 2025 12:20 AM IST

പത്തനംതിട്ട: തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മിഷനിംഗ് ജില്ലയിൽ ആരംഭിച്ചു. തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ കമ്മിഷനിംഗ് കേന്ദ്രങ്ങളായ അടൂർ ഹോളി ഏഞ്ചൽസ് സ്‌കൂൾ, കോഴഞ്ചേരി സെന്റ് തോമസ് കോളജ് എന്നിവ സന്ദർശിച്ചു. കമ്മിഷനിംഗ് കേന്ദ്രത്തോടൊപ്പം സജ്ജീകരിച്ച സ്‌ട്രോംഗ് റൂമും കളക്ടർ പരിശോധിച്ചു. അടൂർ നഗരസഭയിലെ 29 വാർഡിലെയും ഇലന്തൂർ ബ്ലോക്കിലെ 103 വാർഡിലെയും കമ്മിഷനിംഗ് പൂർത്തിയായി. തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഇ.വി.എം മെഷീനുകളിൽ സ്ഥാനാർത്ഥികളുടെ സാന്നിദ്ധ്യത്തിൽ ക്രമനമ്പർ, പേരും ചിഹ്നവും അടങ്ങുന്ന സ്ലിപ്പ് സ്ഥാപിച്ച് സീൽ ചെയ്യുന്നതാണ് കമ്മിഷനിംഗ്. ബാലറ്റ് യൂണിറ്റിൽ സ്ഥാനാർത്ഥിയുടെ ചിഹ്നം ഉൾപ്പെടുന്ന ബാലറ്റ് പേപ്പർ സജ്ജീകരിക്കും. മല്ലപ്പള്ളി, കോയിപ്രം, റാന്നി, കോന്നി, പന്തളം, പറക്കോട് ബ്ലോക്ക് പഞ്ചായത്തിലെയും പന്തളം, പത്തനംതിട്ട നഗരസഭകളിലെയും ഡിസംബർ നാലിനും പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്, തിരുവല്ല നഗരസഭ എന്നിവയുടെ ഇ.വി.എം കമ്മിഷനിംഗ് ഡിസംബർ അഞ്ചിനും നടക്കും. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ബീന എസ്.ഹനീഫ്, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.