ശബരിമലയിൽ രജിസ്റ്റർ ചെയ്തത് 40 കേസുകൾ

Thursday 04 December 2025 12:25 AM IST

ശബരിമല : ദിവസേന ഒരു ലക്ഷത്തിനടുത്ത് തീർത്ഥാടകർ എത്തുന്ന ശബരിമലയിൽ മോഷ്ടാക്കളെ തുരത്താൻ പ്രത്യേക പൊലീസ് സംഘം. സീസൺ ആരംഭിച്ചത് മുതൽ ഇന്നലെ വരെ സന്നിധാനം, പമ്പ സ്റ്റേഷനുകളിൽ 40 കേസുകളാണ് രജിസ്റ്റർ ചെയ്തത്. മോഷണം, അടിപിടി, ടാക്സി ഡ്രൈവർമാർ തമ്മിലുള്ള പ്രശ്നങ്ങൾ എന്നിങ്ങനെയാണ് കേസുകൾ. തിരക്ക് വർദ്ധിച്ച സാഹചര്യത്തിൽ പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ പോക്കറ്റടി കേസ് റിപ്പോർട്ട് ചെയ്യുന്നത് കണക്കിലെടുത്ത് പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. തീർത്ഥാടകർ പണമടങ്ങിയ പേഴ്സ്, മൊബൈൽ ഫോൺ, വിലപിടിപ്പുള്ള മറ്റ് വസ്തുക്കൾ എന്നിവ ശ്രദ്ധയോടെ സൂക്ഷിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. നീലിമല ഭാഗങ്ങളിലാണ് പോക്കറ്റടി, മോഷണം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇവിടങ്ങളിൽ പ്രത്യേക സംഘം പരിശോധന നടത്തും. അപ്പാച്ചിമേട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയതായി പമ്പ എസ്.എച്ച്.ഒ സി.കെ.മനോജ് പറഞ്ഞു.