സ്ത്രീധനത്തിന്റെ അവകാശം ഭാര്യക്കോ ഭര്‍ത്താവിനോ? നിയമത്തില്‍ പറയുന്നത് ഇങ്ങനെ

Thursday 04 December 2025 1:02 AM IST

ന്യൂഡല്‍ഹി: സ്ത്രീധനം സ്ത്രീയുടെ സ്വത്താണ്, അത് തിരികെകിട്ടാന്‍ വിവാഹമോചിതയായ മുസ്ലിം സ്ത്രീക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി. നിക്കാഹ് വേളയില്‍ ലഭിച്ച സ്വര്‍ണവും പണവും മുന്‍ ഭര്‍ത്താവ് തിരികെ കൊടുക്കേണ്ടതില്ലെന്ന കല്‍ക്കട്ട ഹൈക്കോടതിയുടെ വിധി റദ്ദാക്കിയാണിത്. ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് വിവാഹമോചിതയുടെ സാമ്പത്തിക സുരക്ഷ. അക്കാര്യം ഉറപ്പാക്കണമെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കരോല്‍,എന്‍. കോട്ടീശ്വര്‍ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

1986ലെ മുസ്ലിം വിമന്‍ ആക്ടിന്റെ (പ്രൊട്ടക്ഷന്‍ ഒഫ് റൈറ്റ്‌സ് ഓണ്‍ ഡിവോഴ്‌സ്) ലക്ഷ്യങ്ങളില്‍പ്പെട്ടതാണിത്. പശ്ചിമബംഗാളിലെ യുവതി ഈ നിയമപ്രകാരമാണ് സ്ത്രീധനം ആവശ്യപ്പെട്ടത്. എന്നാല്‍ കല്‍ക്കട്ട ഹൈക്കോടതിക്ക് തെറ്റുപറ്റി. വെറും സിവില്‍ തര്‍ക്കമെന്ന നിലയിലാണ് സമീപിച്ചത്. ഈ നിയമത്തിലെ വ്യവസ്ഥകള്‍ വ്യാഖ്യാനിക്കുന്നത് വിവാഹമോചിതരായ മുസ്ലിം സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കണമെന്ന ലക്ഷ്യത്തോടെയായിരിക്കണം. ഇപ്പോഴും പലയിടത്തും പുരുഷ മേധാവിത്തം നിലനില്‍ക്കുന്നു. മുസ്ലിം സ്ത്രീകളുടെ അന്തസും സമത്വവും സംരക്ഷിക്കാനുള്ള നിയമം പ്രയോഗിക്കപ്പെടണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി ലഭിച്ചതോടെ യുവതി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

44 പവനും 8 ലക്ഷവും

ഹര്‍ജിയില്‍ അനുകൂല നിലപാടെടുത്ത സുപ്രീംകോടതി, ബംഗാളിലെ ബോല്‍പൂര്‍ അഡിഷണല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ വിധി പുനഃസ്ഥാപിച്ചു. 44 പവന്‍ സ്വര്‍ണാഭരണങ്ങളും 8 ലക്ഷം രൂപയും മുന്‍ഭര്‍ത്താവ് ആറാഴ്ചയ്ക്കകം തിരികെ കൊടുക്കണം. വീഴ്ച വരുത്തിയാല്‍ 9 ശതമാനം വാര്‍ഷിക പലിശയും ചേര്‍ത്ത് നല്‍കണം. 2005 ആഗസ്റ്റ് 28നായിരുന്നു വിവാഹം. ബന്ധം വഷളായതോടെ 2009ല്‍ വധു ഭര്‍തൃഗൃഹം ഉപേക്ഷിച്ചു. 2011 ഡിസംബര്‍ 13നായിരുന്നു വിവാഹമോചനം.