ഭൂമി തരംമാറ്റ ഫീസ് കൈമാറിയില്ല: ചീഫ് സെക്രട്ടറിയടക്കം അഞ്ച് ഐ.എ.എസുകാർക്കെതിരെ കോടതി അലക്ഷ്യക്കുറ്റം
കൊച്ചി: വാണിജ്യ ആവശ്യത്തിനുള്ള ഭൂമി തരംമാറ്റത്തിന് ഈടാക്കുന്ന ഫീസ് കാർഷിക വികസന ഫണ്ടിനു കൈമാറണമെന്ന മുൻ ഉത്തരവു നടപ്പാക്കാത്തതിന് ചീഫ് സെക്രട്ടറി ഉൾപ്പെടെ അഞ്ച് ഐ.എ.എസ് ഉദ്യോഗസ്ഥർക്കെതിരെ ഹൈക്കോടതി കോടതിഅലക്ഷ്യക്കുറ്റം ചുമത്തി.
ചീഫ് സെക്രട്ടറി എ. ജയതിലക്, ധനകാര്യ സെക്രട്ടറി കേശവേന്ദ്ര കുമാർ, അന്നത്തെ റവന്യൂ സെക്രട്ടറി അരവിന്ദ് ശ്രീവാസ്തവ, അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മിഷണറായിരുന്ന ടിങ്കു ബിസ്വാൾ, ലാൻഡ് റവന്യൂ കമ്മിഷണറായിരുന്ന അർജുൻ പാണ്ഡ്യൻ എന്നിവർക്കെതിരെയാണു കുറ്റം ചുമത്തിയത്.തൃശൂർ സ്വദേശി ടി. എൻ. മുകുന്ദൻ നൽകിയ കോടതിഅലക്ഷ്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് വി. എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി.
നെൽവയൽ, തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം തരംമാറ്റം ക്രമപ്പെടുത്താനുള്ള ഫീസിനത്തിൽ 2024 ഡിസംബർ ഒന്നു മുതൽ സമാഹരിച്ച തുക കൃഷി വികസന ഫണ്ടിൽ നിക്ഷേപിക്കണമെന്ന 2024 നവംബർ 28ലെ ഉത്തരവ് പാലിച്ചില്ലെന്നാണ് ആക്ഷേപം. നിയമത്തിലെ 27എ വകുപ്പനുസരിച്ച് ഫീസിനത്തിൽ പിരിക്കുന്ന തുക ഫണ്ടിലേക്കു കൈമാറണമെന്ന വ്യവസ്ഥ പാലിക്കണമെന്നായിരുന്നു മുൻ ഉത്തരവ്. തുക കൈമാറുന്നതിനു സമയക്രമവും നിശ്ചയിച്ചിരുന്നു. ഈയിനത്തിൽ സമാഹരിച്ച 1678.66 കോടി രൂപ ഫണ്ടിലേക്കു കൈമാറുന്നതിൽ ഇളവു തേടി ധനകാര്യ സെക്രട്ടറി നവംബർ 26നു സത്യവാങ്മൂലം നൽകിയിരുന്നു. മുൻ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നിശ്ചിത സമയ പരിധിക്കുള്ളിൽ റിവ്യൂ ഹർജി നൽകാത്തത് സർക്കാരിന് വിനയായി. കൂടുതൽ സമയം കിട്ടാൻ ഹർജിയും നൽകിയില്ല. വളരെ ലാഘവത്തിൽ വിധി അവഗണിച്ചു, ഈ സാഹചര്യത്തിൽ പ്രഥമദൃഷ്ട്യാ കോടതിഅലക്ഷ്യം വ്യക്തമാണെന്ന് ഹൈക്കോടതി പറഞ്ഞു. കോടതി അലക്ഷ്യ ഹർജി ഫയലിൽ സ്വീകരിച്ച ഡിവിഷൻ ബെഞ്ച്, കുറ്റാരോപണങ്ങൾക്കു മറുപടി തേടി എതിർ കക്ഷികൾക്ക് നോട്ടീസയച്ചു. തത്കാലം നേരിട്ടു ഹാജരാകുന്നതിൽ നിന്ന് ഉദ്യോഗസ്ഥരെ ഒഴിവാക്കിയിട്ടുണ്ട്. ജനുവരി അഞ്ചിന് കേസ് പരിഗണിക്കും.