വോട്ടെടുപ്പിന് അഞ്ചു നാൾ : പ്രചാരണം പാരമ്യത്തിൽ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് ഇനി അഞ്ചു ദിവസം മാത്രം ശേഷിക്കെ,
പ്രചാരണം പാരമ്യത്തിലെക്ക്.
. ഭവന സന്ദർശനം പൂർത്തിയാക്കിയ ശേഷം വ്യക്തിപരമായ വോട്ടുകൾ ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാർത്ഥികൾ. മൈക്ക് അനൗൺസ്‌മെൻ്റും വാർഡ്തല യോഗങ്ങളുമായി ആവേശത്തിലാണ് പ്രചാരണം. അവസാനഘട്ട പ്രചാരണത്തിനായി മുതിർന്ന നേതാക്കളും കളത്തിലിറങ്ങി.സിനിമാ, സീരിയൽ താരങ്ങളെ രംഗത്തിറക്കിയും പ്രചാരണം കൊഴുപ്പിക്കുന്നുണ്ട്.
പ്രചാരണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശക്തമായ നിരീക്ഷണമുണ്ട്. നഗരത്തിലെ ചില സ്ഥാനാർത്ഥികൾ സ്ഥാപിച്ചിരുന്ന ചട്ടവിരുദ്ധമായ ഫ്ളക്സുകൾ കമ്മീഷന്റെ നിർദ്ദേശാനുസരണം നഗരസഭ നീക്കം ചെയ്തു. ലഘുലേഖകളിലും പോസ്റ്ററുകളിലും അച്ചടിച്ച പ്രസ്സിന്റെ പേര് നിർബന്ധമാണ്. പ്രസാധകൻെ്റ പേരും മേൽവിലാസവും ഉണ്ടായിരിക്കണം. ഇവയില്ലാത്ത ഫ്ളക്സുകളാണ് നീക്കം ചെയ്തത്.
സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള വോട്ട് പിടിത്തവും സജീവമാണ്. വികസന നേട്ടങ്ങളും സ്ഥാനാർത്ഥിയുടെ റീൽസും വോട്ടർമാർക്ക് എത്തിച്ചാണ് ഫോണിലുടെയുള്ള പ്രചാരണം. സോഷ്യൽ മീഡിയ പ്രചാരണത്തിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയ സ്ഥാനാർത്ഥികളുമുണ്ട്. രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ചു വരെയാണ് മൈക്ക് അനൗൺസ്‌മെൻ്റിന് നൽകിയിട്ടുള്ള സമയം. പ്രചാരണം നിയമപരമാണോയെന്ന് പരിശോധിക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആന്റി ഡിഫെയ്സ്‌മെന്റ് സ്‌ക്വാഡുണ്ട്. നോട്ടീസുകൾ, ബാനറുകൾ, ബോർഡുകൾ, പോസ്റ്ററുകൾ, ചുവരെഴുത്തുകൾ, മൈക്ക് അനൗൺസ്‌മെന്റ്, പൊതുയോഗങ്ങൾ, സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണങ്ങൾ എന്നിവയാണ് സ്‌ക്വാഡ് പരിശോധിക്കുന്നത്.